തിരുവനന്തപുരം: കോട്ടയം മെഡിക്കല് കോളേജ് കെട്ടിടം തകര്ന്നുണ്ടായ അപകടത്തില് വീഴ്ചയുണ്ടായെങ്കില് പരിശോധിക്കണമെന്ന് ഡോ. തോമസ് ഐസക്. ഉപയോഗ ശൂന്യമായ കെട്ടിടം പൊളിച്ചു നീക്കേണ്ടതായിരുന്നു. അവിടേക്ക് ആരും പ്രവേശിക്കുന്നില്ലെന്ന് കര്ശനമായി ഉറപ്പുവരുത്തേണ്ടയായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. ആരോഗ്യരംഗത്തെ നേട്ടങ്ങള് എണ്ണിപ്പറഞ്ഞാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്.
'ചെയ്യുന്നതില് പോരായ്മകള് ഉണ്ടാവും. അത് നികത്തണം. ആവശ്യമില്ലാത്ത കെട്ടിടം പൊളിച്ചുമാറ്റേണ്ടതായിരുന്നു. ആരും കയറില്ലെന്ന് ഉറപ്പുവരുത്തേണ്ടതായിരുന്നു. വീഴ്ച ഉണ്ടായെങ്കില് പരിശോധിക്കണം. എന്നാല് വകുപ്പിനെ തകര്ക്കരുത്. ആരോഗ്യരംഗത്തെ ഏത് ഇന്ഡെക്സ് എടുത്താലും കേരളം ഒരുപാട് മുന്നിലാണ്', തോമസ് ഐസക് പറഞ്ഞു.
ഒരുകാലത്തുമില്ലാത്ത നിക്ഷേപം ആരോഗ്യമേഖലയില് നടത്തിയിട്ടുണ്ട്. 6,000 കോടി രൂപയെങ്കിലും ആശുപത്രി കെട്ടിടങ്ങള്ക്കും ഉപകരണങ്ങള്ക്കും വേണ്ടി നിക്ഷേപിച്ചു. 4,000 പുതിയ തസ്തിക സൃഷ്ടിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങള് സ്ഥാപിച്ചു. എല്ലാ താലൂക്ക് ആശുപത്രികളിലും ഇന്ന് ഡയാലിസിസ് ഉണ്ട്. ജില്ലാ ജനറല് ആശുപത്രികളിലും കാര്ഡിയോളജി വകുപ്പുണ്ട്. എല്ലാ മെഡിക്കല് കോളേജിലും ഇന്ന് ഓങ്കോളജി വിഭാഗം ഉണ്ട് എന്നതടക്കമുള്ള കാര്യങ്ങളാണ് തോമസ് ഐസക് ചൂണ്ടികാട്ടിയത്.
സര്ക്കാരിലെ എല്ലാം വകുപ്പുകളും ഒരേ തലത്തിലാണ് പ്രവര്ത്തിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷും പറഞ്ഞു. മന്ത്രിമാര്ക്കെതിരെയുള്ള വിമര്ശത്തില് ഒരു രാഷ്ട്രീയം ഉണ്ട്. ഇന്ന് അവര്ക്ക് വിമര്ശനം, നാളെ തങ്ങള്ക്ക് നേരെയും വരും. സര്ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ആരെങ്കിലും സംസാരിക്കുന്നുണ്ടോയെന്നും എം ബി രാജേഷ് ചോദിച്ചു. ആരോഗ്യ മേഖലയിൽ ഉണ്ടായിട്ടുള്ള ഗുണകരമായ നേട്ടങ്ങള് ആരും പറയുന്നില്ലെന്നും മന്ത്രി ചൂണ്ടികാട്ടി.
Content Highlights: kottayam Medical College building Collapse Thomas Issac reaction