റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം മെറിറ്റിൻ്റെ അടിസ്ഥാനത്തില്‍, വിശദീകരണം നല്‍കേണ്ടത് സര്‍ക്കാര്‍: പി ജയരാജന്‍

സര്‍ക്കാരിന്റെ രാഷ്ട്രീയത്തിനതീതമായ ഇത്തരം തീരുമാനങ്ങളെ സംബന്ധിച്ച് വിവാദമുണ്ടാക്കുകയെന്നത് വലതുപക്ഷ മാധ്യമങ്ങളുടെ രീതി

കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സര്‍ക്കാര്‍ നിയമിച്ചത് മെറിറ്റിന്റെ അടിസ്ഥാനത്തിലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. നിയമനം വിശദീകരിക്കേണ്ടത് സര്‍ക്കാരാണ്. പട്ടികയിലുള്ള ഒരാളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിച്ചു. നിയമം വിവാദമാക്കേണ്ടതില്ലെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂത്തുപറമ്പ് വെടിവെയ്പ്പിന് നിര്‍ദേശം നല്‍കിയ പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥനായ റവാഡയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായി പ്രശ്‌നമാകുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി ജയരാജന്‍ പ്രതികരിച്ചത്.

'അന്ന് കൂത്തുപറമ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ തങ്ങളുടെ മുന്നിലുള്ള പട്ടികയെ അടിസ്ഥാനമാക്കി തീരുമാനം എടുത്തതാണ്. തീരുമാനത്തില്‍ വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണ്. കൂത്തുപറമ്പ് വെടിവെപ്പിന് മുന്‍പ് നടന്ന സമരത്തില്‍ പങ്കെടുത്ത എം സുകുമാരനെ കസ്റ്റഡിയിലിരിക്കെ ഭീകരമായി തല്ലിച്ചതച്ച കേസില്‍ പ്രതിയായിരുന്നു പട്ടികയില്‍ ഒന്നാമതുള്ള നിതിന്‍ അഗര്‍വാള്‍. എം സുകുമാരന്‍ നല്‍കിയ പരാതിയില്‍ നിതിന്‍ അഗര്‍വാളിനെതിരെ കേസെടുത്തിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം റവാഡയെ നിയമിച്ചത്', പി ജയരാജന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ രാഷ്ട്രീയത്തിനതീതമായ ഇത്തരം തീരുമാനങ്ങളെ സംബന്ധിച്ച് വിവാദമുണ്ടാക്കുകയെന്നത് വലതുപക്ഷ മാധ്യമങ്ങളുടെ രീതിയാണ്. നയപരമായ കാര്യങ്ങളാണ് പാര്‍ട്ടി തീരുമാനിക്കുന്നത്. മറ്റുകാര്യങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് തീരുമാനിക്കേണ്ടത്. മെറിറ്റ് പരിശോധിക്കാന്‍ താന്‍ അധികാരത്തിന്റെ ഭാഗമായിട്ടുള്ളയാളല്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് പി ജയരാജന്‍ പറഞ്ഞു.

പട്ടികയിലുള്ള രണ്ട് പേരെ സംബന്ധിച്ചും അന്ന് ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ന് ഡിജിപിയായി പരിഗണിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ വക്താക്കളാണ് വിശദീകരിക്കേണ്ടതെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: CPIM Leader P Jayarajan Reaction Over Ravada Chandrasekhar ips DGP appointment

To advertise here,contact us