വെഞ്ഞാറമൂട് കൂട്ടക്കൊല;'കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ',അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സഹോദരനും കാമുകിയുമുൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ ഇക്കഴിഞ്ഞ 25-ന് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ട അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാർഡൻ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വാർഡൻ ഉടൻ തന്നെ ജയിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ.

പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. എന്നാൽ ഷെമി ജീവിതത്തിലേക്ക് തിരികെ വന്നു. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു.

Content Highlights: second chargesheet filed against accused afan on venjaramoodu case

To advertise here,contact us