അഫാന്‍ സുഖം പ്രാപിക്കുന്നു; വെന്‌റിലേറ്ററില്‍ നിന്നും മാറ്റി

അഫാന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതി ഉണ്ടായതായും അഫാന്‍ സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. അഫാന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതി ഉണ്ടായതായും അഫാന്‍ സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് അഫാന്‍.

മെയ് 25ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജയിലിനുളളിലെ അതീവ സുരക്ഷയുളള മേഖലയായ യു ടി ബ്ലോക്കില്‍ ആത്മഹത്യാശ്രമം നടന്നത് ഗുരുതര സുരക്ഷാവീഴ്ച്ചയായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ട് യു ടി ബ്ലോക്കുകളാണ് ഉളളത്. യുടി എ, യു ടി ബി എന്നിവയാണ് അവ. അതില്‍ ജയിലിനുളളിലെ ജയില്‍ എന്നറിയപ്പെടുന്ന യുടി ബി ബ്ലോക്കിലാണ് അഫാനെ പാര്‍പ്പിച്ചിരുന്നത്. ഏഴ് സെല്ലുകളാണ് യുടി ബി ബ്ലോക്കിലുളളത്.

സിസിടിവി നിരീക്ഷണത്തിനു പുറമേ 24 മണിക്കൂറും വാര്‍ഡന്മാരുടെ നേരിട്ടുളള നിരീക്ഷണവുമുളള മേഖലയാണിത്. കൂട്ടക്കൊലയ്ക്കുശേഷം എലിവിഷം കഴിച്ചാണ് ഇരുപത്തിമൂന്നുകാരനായ അഫാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. അന്ന് അടിയന്തരമായി ചികിത്സ നല്‍കിയാണ് ഇയാളെ രക്ഷിച്ചത്. എന്നാല്‍ താന്‍ ജീവനൊടുക്കുമെന്ന് ചോദ്യംചെയ്യലിനിടെ അഫാന്‍ പൊലീസിനോട് പറഞ്ഞു. ആത്മഹത്യാപ്രവണത കാണിക്കുന്നതിനാല്‍ സെല്ലില്‍ അഫാനെ നിരീക്ഷിക്കാന്‍ ഒരു തടവുകാരനെയും സ്ഥിരമായി ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

content highlights: Afan is recovering shifted from ventilator

To advertise here,contact us