കൊടുമണ്: പത്തനംതിട്ടയില് പുരുഷ ഹോംനഴ്സ് ക്രൂരമായി മര്ദിച്ച വയോധികന് മരിച്ചു. തട്ട പറപ്പെട്ടി സന്തോഷ് ഭവനില് ശശിധരന് പിള്ള(60)യാണ് മരിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരണം. പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം രണ്ടുദിവസം മുന്പാണ് ശശിധരന് പിള്ളയെ പന്തളത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു അള്ഷിമേഴ്സ് ബാധിച്ച് കിടപ്പിലായ ശശിധരന് പിള്ളയെ ഹോംനഴ്സ് വിഷ്ണു ക്രൂരമായി മര്ദിച്ചത്. വിമുക്തഭടനായ ശശിധരന് പിള്ള കഴിഞ്ഞ കുറച്ചു നാളുകളായി രോഗം ബാധിച്ച് കിടപ്പിലായിരുന്നു. ക്രൂരമര്ദനത്തിന് പിന്നാലെ ശശിധരന് പിള്ളയെ ഹോംനഴ്സ് നഗ്നനാക്കി വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.
ശശിധരന് പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകള് സ്ഥലത്തില്ല. ഇതേ തുടര്ന്നാണ് അള്ഷിമേഴ്സ് രോഗിയായ ശശിധരന് പിള്ളയെ പരിചരിക്കാന് ഹോംനഴ്സായ വിഷ്ണുവിനെ നിയമിച്ചത്. വീട്ടില് അവശനിലയില് ശശിധരന് പിള്ളയെ കണ്ടെത്തിയതിനെ തുടര്ന്ന് ബന്ധുക്കൾ പൊലീസില് പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് പൊലീസ് സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ കൊടുമണ് പൊലീസ് പ്രതി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. അടൂരിലെ ഏജന്സി വഴിയായിരുന്നു വിഷ്ണു ശശിധരന് പിള്ളയുടെ വീട്ടില് ജോലിക്കെത്തിയത്.
Content Highlights- 60 Years old man who brutally attacked by home nursed dies in pathanamthitta