തിരുവനന്തപുരം: റാപ്പര് വേടനെതിരായ പാലക്കാട് നഗരസഭ കൗണ്സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറിന്റെ പരാതിയില് ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പാര്ട്ടിയോട് ആലോചിക്കാതെയാണ് മിനി കൃഷ്ണകുമാര് പരാതി നല്കിയതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിരിക്കുന്നത്.
മിനി കൃഷ്ണകുമാറിന്റെ നടപടി പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. എന്ത് അടിസ്ഥാനത്തിലാണ് വേടനെതിരെ മിനി കൃഷ്ണകുമാര് പരാതി നല്കിയതെന്നാണ് സംസ്ഥാന നേതൃത്വം ചോദിക്കുന്നത്. ഇനി വേടന് പ്രശ്നത്തില് പരസ്യ പ്രതികരണം നടത്തരുതെന്നും മിനി കൃഷ്ണകുമാറിന് സംസ്ഥാന നേതൃത്വം നിര്ദേശം നല്കി.
കഴിഞ്ഞ ദിവസമായിരുന്നു വേടനെതിരെ മിനി കൃഷ്ണകുമാര് എന്ഐഎയ്ക്ക് പരാതി നല്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേടന് പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നും മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു മിനി കൃഷ്ണകുമാറിന്റെ ആവശ്യം. വേടന്റെ പാട്ടില് രാജ്യത്തെ സാഹോദര്യം ഇല്ലാതാക്കുന്ന രീതിയിലുള്ള വാക്കുകളുണ്ടെന്ന് മിനി കൃഷ്ണകുമാര് റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു. അഞ്ച് വര്ഷങ്ങള്ക്ക് മുന്പുള്ള വേടന്റെ ഗാനം സമൂഹ മാധ്യമങ്ങളില് ഇപ്പോഴാണ് ശ്രദ്ധപിടിച്ചതെന്നും പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന നിരവധി പരാമര്ശങ്ങള് പാട്ടിലുണ്ടെന്നും മിനി കൃഷ്ണകുമാര് പറഞ്ഞിരുന്നു.
ആര്എസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യപത്രാധിപര് എന് ആര് മധുവാണ് വേടനെതിരായ 'സംഘ്പരിവാര് വേട്ട'യ്ക്ക് തുടക്കമിട്ടത്. വേടന്റെ പാട്ടുകള് ജാതിഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ പരാമര്ശം. വളര്ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെയ്ക്കുന്ന കലാഭാസമാണ് വേടന് നടത്തുന്നതെന്നും വേടന്റെ പിന്നില് രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്സര്മാരുണ്ടെന്നും മധു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല രംഗത്തെത്തി.
വേടന്റെ തുണിയില്ലാച്ചാട്ടങ്ങള്ക്ക് മുന്പില് സമാജം അപമാനിക്കപ്പെടുകയാണെന്നായിരുന്നു ശശികലയുടെ പ്രതികരണം. പട്ടികജാതി- പട്ടികവര്ഗ വിഭാഗങ്ങള്ക്ക് തനതായ എത്ര കലാരൂപങ്ങളുണ്ടെന്നും റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപമെന്നും ശശികല ചോദിച്ചിരുന്നു. പട്ടികജാതി- പട്ടിക വര്ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോള് പട്ടികജാതി- പട്ടികവര്ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ കേറേണ്ടതെന്നും ശശികല ചോദിച്ചു. വേടന് മുന്നില് ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള് അവസാനിപ്പിക്കാന് സമയമായെന്നും ശശികല പറഞ്ഞിരുന്നു. ശശികലയുടെ പ്രതികരണത്തിനെതിരെ വ്യാപക വിമര്ശനം ഉയര്ന്നിരുന്നു. വര്ഗീയ വിഷപ്പാമ്പിന്റെ വായില് നിന്ന് കൂടുതല് പ്രതീക്ഷിക്കേണ്ടെന്നും ശശികലയ്ക്കെതിരെ കേസെടുക്കണമെന്നും സിപിഐഎം നേതാവ് പി ജയരാജന് ആവശ്യപ്പെട്ടിരുന്നു. സംഘ്പരിവാറിന് നിങ്ങള് ഇതൊക്കെ ചെയ്താല് മതിയെന്ന ധാര്ഷ്ട്യമാണെന്നും താന് റാപ്പ് പാടുന്നത് തുടരുമെന്നുമായിരുന്നു ശശികലയുടെ അധിക്ഷേപ പരാമര്ശത്തോടുള്ള വേടന്റെ പ്രതികരണം.
Content Highlights- BJP banned mini krishnakumar for reactions after she filed complaint agaisnt rapper vedan