വികസനത്തിന്റെയും പുരോഗതിയുടെയും ഒമ്പത് വർഷങ്ങൾ; നവകേരളം സ്വപ്‌നത്തിലേക്ക് ഏതാനും ചുവടുകൾ മാത്രം: മുഖ്യമന്ത്രി

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ഇല്ലാതായെന്നും സര്‍ക്കാറിനെ വെല്ലുവിളിച്ചവരെല്ലാം നിശബ്ദരായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: അഞ്ചാം വാര്‍ഷികത്തിലേക്ക് കടന്ന വേളയില്‍ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന്റെയും പുരോഗതിയുടെയും ഒമ്പത് വര്‍ഷങ്ങളായിരുന്നു പിന്നിട്ടതെന്നും നവകേരളനയമാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം എന്ന സ്വപ്നത്തിലേക്കടുത്തുവെന്നും ഏതാനും ചുവടുകള്‍ കൂടിയേ ഇനി മുന്നിലുള്ളൂവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

'കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് സര്‍ക്കാറിനുള്ളത്. ജില്ലകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാറിന്റെ വാര്‍ഷിക ആഘോഷം നടക്കുകയാണ്. എല്ലാത്തിനും മികച്ച പങ്കാളിത്തമാണുള്ളത്. ക്രിയാത്മക ചര്‍ച്ചകളുടെ വേദികൂടിയാണത്. സാമ്പത്തിക വികസനവും സാമൂഹ്യ നീതിയും ഒരുമിച്ച് കൊണ്ടു പോകണം. കഴിഞ്ഞ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി വാര്‍ഷിക വേളകളില്‍ പൊതുജനത്തിന് നല്‍കാറുണ്ട്. കൊവിഡ് കാലത്ത് പല മേഖലകളിലും തകര്‍ച്ചയുണ്ടായി. അതിനെ അതിജീവിച്ച് മുന്നേറുകയാണ്', മുഖ്യമന്ത്രി പറഞ്ഞു.

സമാനതകളില്ലാത്ത പ്രകൃതി ദുരന്തമുണ്ടായെന്നും അതിനെയും അതിജീവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിനെ വെല്ലുവിളിച്ചവരെല്ലാം നിശബ്ദരായെന്നും വാര്‍ഷികാഘോഷ പരിപാടികളില്‍ വലിയ ജന മുന്നേറ്റം ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കിയത് നേട്ടമാണെന്നും ദേശീയ പാതാ വികസനം സാധ്യമായത് ഇച്ഛാശക്തി ഒന്നു കൊണ്ട് മാത്രമെന്നും അദ്ദേഹം പറഞ്ഞു.

'കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവയെല്ലാം സര്‍ക്കാറിന്റെ നേട്ടങ്ങളായി. യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച ഗെയില്‍ പദ്ധതി നടപ്പിലാക്കി. വൈദ്യുതി, കാര്‍ഷിക, വ്യാവസായിക മേഖലയില്‍ വന്‍ നേട്ടങ്ങളുണ്ടാക്കി. ആയുര്‍വേദ ഗവേഷണ കേന്ദ്രം, കൊച്ചി- ബാംഗ്ലൂര്‍ വ്യാവസായ ഇടനാഴി, മലയോര ഹൈവേ, വാട്ടര്‍മെട്രോ എന്നിവ വന്‍ പദ്ധതികളാണ്. ഭവനരഹിതരിലില്ലാത്ത കേരളം പദ്ധതി സാക്ഷാത്കരിക്കാന്‍ നടപടി സ്വീകരിച്ചു', അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 'പ്രതിസന്ധികളില്‍ ഉലയാതെ നാടിനായി നിലകൊണ്ട സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് നേട്ടങ്ങളെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും. ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നിന്നു. അനായാസമായിരുന്നില്ല യാത്ര. പതറാതെ ജനങ്ങളും സര്‍ക്കാരും അവയെ നേരിട്ടു. ആ ഘട്ടങ്ങളില്‍ പോലും കേരളത്തിനെതിരെ നിന്ന ശക്തികളുണ്ടായിരുന്നു', മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കല്ലിട്ടത് യുഡിഎഫ് കാലത്താണെന്നും എന്നാല്‍ നൂറ് ശതമാനം പ്രവൃത്തികളും നടന്നത് എല്‍ഡിഎഫ് കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി വഴി നിയമനം സുതാര്യമാക്കിയെന്നും രാജ്യത്തെ ആകെ നിയമനങ്ങളില്‍ 42 ശതമാനവും കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

'മൂന്ന് ലക്ഷത്തിനടുത്ത് പേര്‍ക്ക് നിയമനം നല്‍കി. ലൈഫില്‍ നാല് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കി. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ ഒന്നാമത്. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറി. ടൂറിസം മേഖലയും മെച്ചപ്പെട്ടു. ഏഴ് ലക്ഷത്തോളം വിദേശ സഞ്ചാരികളും രണ്ട് കോടി ആഭ്യന്തര സഞ്ചാരികളുമെത്തി. വയനാട് ദുരന്തബാധിതകര്‍ക്ക് കൈത്താങ്ങായി. സാമ്പത്തിക പ്രതിസന്ധി കേരളത്തിന് പ്രതിസന്ധിയാണ്. പ്രതിസന്ധികളിലും ജനങ്ങള്‍ക്കായി നിലകൊണ്ടു', മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: CM Pinarayi Vijayan about nine year of development

To advertise here,contact us