പാലക്കാട്: കോട്ടമൈതാനത്ത് നടന്ന റാപ്പർ വേടൻ്റെ പരിപാടിക്കിടെ വ്യാപക നാശനഷ്ടമെന്ന് പാലക്കാട് നഗരസഭ. തിരക്കിനിടെ കാണികൾ പൊതുമുതൽ നശിപ്പിച്ചെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങൾ ഉൾപ്പെടെ തകർത്തു. പരിശോധന നടത്തിയ ശേഷം നഷ്ടം കണക്കാക്കി സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവർഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായായിരുന്നു സംഗീത പരിപാടി സംഘടിപ്പിച്ചത്. മൂന്നാം വട്ടമാണ് വേടൻ പാലക്കാട്ടേക്ക് എത്തിയത്. അതിനാൽ 'മൂന്നാംവരവ് 3.0' എന്ന പേരിലായിരുന്നു സംഗീത പരിപാടി.
സൗജന്യമായായിരുന്നു പ്രവേശനം. 10,000ത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലായിരുന്നു സജ്ജീകരണങ്ങൾ. തുറന്ന വേദിയിൽ നടന്ന പരിപാടി എല്ലാവർക്കും കാണാൻ നാല് വലിയ എൽഇഡി സ്ക്രീനുകളിലും പ്രദർശിപ്പിച്ചിരുന്നു. ഈ മാസം ഒമ്പതിന് കിളിമാനൂരിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന വേടന്റെ പരിപാടി റദ്ദ് ചെയ്തിരുന്നു. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്.
Content Highlights: Palakkad Municipality reports widespread damage during rapper Vedan's event