ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു

മോപ്പ് സ്റ്റിക്ക് കൊണ്ടാണ് അഭിഭാഷകന്‍ ശ്യാമിലിയെ മര്‍ദിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടപടിയുമായി ബാര്‍ അസോസിയേഷന്‍. സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നടന്ന സംഭവങ്ങളെക്കുറിച്ച് ബെയ്‌ലിന്‍ ദാസ് ബാര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇരയ്ക്ക് പരമാവധി നിയമസഹായം ഉറപ്പാക്കുമെന്നും ബെയ്‌ലിന്‍ ദാസിനെതിരെ അന്വേഷണം നടത്തുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചു.

പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദിച്ചത്. മോപ്പ് സ്റ്റിക്ക് കൊണ്ടാണ് അഭിഭാഷകന്‍ ശ്യാമിലിയെ മര്‍ദിച്ചത്. മുഖത്ത് പരിക്കേറ്റ അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് മര്‍ദിച്ചത്. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മര്‍ദനമുണ്ടായതെന്നും കണ്ടുനിന്നവര്‍ ആരും എതിര്‍ത്തില്ലെന്നും ശ്യാമിലി ആരോപിച്ചു.

അഭിഭാഷകനില്‍ നിന്നും ഇതിനു മുന്‍പും മര്‍ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിക്കാരിയായ അഭിഭാഷക പറഞ്ഞു. കാരണം പറയാതെ ജൂനിയര്‍ അഭിഭാഷകരെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുന്നത് പതിവായിരുന്നെന്ന് ശ്യാമിലിയുടെ ഭര്‍ത്താവ് ആരോപിച്ചു. ശ്യാമിലി ജോലിക്ക് കയറിയതിനു ശേഷം മാത്രം എട്ടുപേരെ പുറത്താക്കി. കഴിഞ്ഞ ദിവസം ശ്യാമിലിയെ വിളിച്ച് ജോലിക്ക് വരേണ്ട എന്ന് അറിയിച്ചു. കാരണം തിരക്കിയ ശ്യാമിലിയോട് അത് നീ അറിയേണ്ട കാര്യമില്ലെന്നാണ് സീനിയര്‍ അഭിഭാഷകന്‍ പറഞ്ഞത്. തുടര്‍ന്നായിരുന്നു മര്‍ദനം.

അതേസമയം, രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും അത് ചോദ്യംചെയ്തപ്പോള്‍ മുഖത്തുനോക്കി അസഭ്യം പറഞ്ഞതുകൊണ്ടാണ് മര്‍ദിച്ചതെന്നുമാണ് ബെയ്‌ലിന്‍ ദാസിന്റെ പ്രതികരണം. യുവതിയുടെ മുഖത്ത് മര്‍ദനമേറ്റ് ചതവുണ്ട്. ഇവരെ കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നാണ് വിവരം.

Content Highlights: senior advocate assault junior in vanchiyoor court suspended by bar association

To advertise here,contact us