'കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾ മാധ്യമ സൃഷ്ടി'; രാഹുൽ മാങ്കൂട്ടത്തിൽ

ആൻ്റോ ആൻ്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഭാരവാഹി തെരഞ്ഞടുപ്പുകളിൽ മറ്റു പാർട്ടികളോട് മാധ്യമങ്ങൾക്ക് മൃദു സമീപനമാണുള്ളത്. മാധ്യമ വാർത്തകൾക്കെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് പ്രവർത്തകർ ചോദിക്കുന്നു. നേതൃത്വത്തിൻ്റെ അനുമതിയോടെയാണ് കോൺഗ്രസ് എംപിമാർ വിട്ട് നിന്നത്. ആൻ്റോ ആൻ്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരമാണ്. അദ്ദേഹവും താനും എം ജി കണ്ണൻ്റെ നിര്യാണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലായിരുന്നുവെന്നും രാഹുൽ പറഞ്ഞു. അതേ സമയം, കെ സുധാകരൻ ദില്ലിയിൽ പോകാത്തത് എഐസിസിയുടെ ഭാഗമായതിനാലാണെന്നും ദില്ലി സന്ദർശനം പിസിസിയുടെ പുതിയ ടീമിൻ്റേതാണെന്നും രാഹുൽ കൂട്ടിചേർത്തു.

ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നിന്നും കെ സുധാകരന്‍ എംപിയും കെ മുരളീധരനും വിട്ടുനില്‍ക്കുമെന്ന വിവരം ഇന്ന് ഉച്ചയോടെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരത്തുള്ള കെ സുധാകരന്‍ കണ്ണൂരിലേക്ക് മടങ്ങുമെന്നും മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതായുമായിരുന്നു വിവരം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് പുതിയ ടീം ചര്‍ച്ച നടത്തുക. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ, വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുന്‍ കെപിസിസി അധ്യക്ഷന്മാര്‍, കേരളത്തില്‍ നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് യോഗത്തിലേക്ക് ക്ഷണം. നേതാക്കളുടെ അതൃപ്തിയെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്ന് അടൂര്‍ പ്രകാശ് എംപി പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലിരിക്കെ പുനഃസംഘടന പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് വിവരം.

Content Highlights- 'Controversies in KPCC office bearers' election are media creation'; Rahul Mamkootathil

To advertise here,contact us