സിഎംആർഎൽ - എക്സാലോജിക് ഇടപാട്: വീണയുടെ മൊഴിയടക്കമുള്ള രേഖകൾ ഇഡിക്ക്‌ ഉടൻ ലഭിക്കില്ല

പകർപ്പെടുക്കാൻ ആവശ്യമായ സൗകര്യങ്ങളില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി

കൊച്ചി: സിഎംആർഎൽ-എക്സാ ലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിയുടെ മൊഴിയടക്കമുള്ള രേഖകൾ ഇഡിക്ക്‌ ഉടൻ ലഭിക്കില്ല. പകർപ്പെടുക്കാൻ ആവശ്യമായ സൗകര്യങ്ങളില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. പകരം സംവിധാനം ഒരുക്കാമെന്ന് ഇ ഡി അറിയിച്ചെങ്കിലും വിചാരണ കോടതി നിഷേധിച്ചു. കാൽ ലക്ഷത്തിലധികം രേഖകളാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചത്.

പകർപ്പെടുക്കാൻ അനുമതി ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിക്കും. സിഎംആർഎല്ലിന് താൻ സേവനം നൽകിയിട്ടില്ലെന്ന് വീണ ടി മൊഴി നൽകിയതായി എസ്എഫ്ഐഒ വ്യക്തമാക്കിയിരുന്നു. ചെന്നൈ ഓഫീസിൽ വെച്ചുള്ള ചോദ്യം ചെയ്യലിലാണ് വീണ ഇത്തരത്തിൽ മൊഴി നൽകിയത്. എസ്എഫ്ഐഒ കുറ്റപത്രത്തിലെ മൊഴിയുടെ വിശദാംശങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ ഉദ്യോഗസ്ഥർ മൊഴി നൽകിയതായും എസ്എഫ്ഐഒ കുറ്റപത്രത്തിലുണ്ടായിരുന്നു.

വായ്പാത്തുക വകമാറ്റി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി ക്രമക്കേട് കാണിച്ചെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് വീണ വായ്പയായി 50 ലക്ഷം രൂപ വാങ്ങിയെന്നും ഇത് തിരിച്ചടച്ചത് സിഎംആ‍ർഎലിൽ നിന്ന് പ്രതിമാസം കിട്ടിയ പണം ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

Content Highlights: ED will not receive documents including Veena's statement soon in cmrl case

To advertise here,contact us