'മേൽവസ്ത്രം ഉപയോഗിക്കുന്നവരെ തടയരുത്, മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് തനിക്ക് യോജിപ്പ്'; സ്വാമി ചിദാനന്ദപുരി

'ഷർട്ട് ഇല്ലാതെ ക്ഷേത്രദർശനത്തിന് ഇന്നത്തെ യുവജനത തയ്യാറല്ല. സ്ത്രീകളുടെയും മറ്റും മുൻപിൽ ഷർട്ട് അഴിക്കാൻ അവർ മടിക്കുകയാണ്'

കോഴിക്കോട്: ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിനെ അനുകൂലിച്ച് സ്വാമി ചിദാനന്ദപുരി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനോട് വിയോജിപ്പില്ല എന്നും മേൽ വസ്ത്രം ഉപയോഗിക്കുന്ന വരെ തടയരുതെന്നും ചിദാനന്ദപുരി റിപ്പോർട്ടറിനോട് പറഞ്ഞു.

മേൽവസ്ത്രം ധരിക്കാൻ ആരെയും നിബന്ധിക്കരുത് എന്നും അവ ധരിച്ചും ക്ഷേത്രത്തിൽ കയറാമെന്നതാണ് തന്റെ നിലപാടെന്നും ചിദാനന്ദപുരി വ്യക്തമാക്കി. ഷർട്ട് ഇല്ലാതെ ക്ഷേത്രദർശനത്തിന് ഇന്നത്തെ യുവജനത തയ്യാറല്ല. ഒരു പ്രായം എത്തുമ്പോൾ സ്ത്രീകളുടെയും മറ്റും മുൻപിൽ ഷർട്ട് അഴിക്കാൻ അവർ മടിക്കുകയാണ്. ഇത് യുവാക്കളെ ക്ഷേത്രത്തിലേക്ക് പോകാത്ത അവസ്ഥയിലേക്കും അനുഷ്ഠാനരഹിതമായ അവസ്ഥയിലേക്കും എത്തിക്കുമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

Also Read:

Kerala
ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിൻ്റെ കൊലപാതകം; പ്രതികളായ ഒമ്പത് ആർഎസ്എസ്-ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

മാർഗദർശക മണ്ഡലത്തിന്റെ യോഗത്തിൽ മേൽ വസ്ത്രം നിർബന്ധമാക്കരുത് എന്ന നിർദേശം മുന്നോട്ടു വച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന്മേൽ ചിദാനന്ദപുരി തന്റെ നിലപാട് തുറന്നുപറഞ്ഞത്. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം അഭിപ്രായം പറയേണ്ടതില്ല, പക്ഷെ ഒരു വ്യക്തി എന്ന രീതിയിൽ ആവാം. ആ രീതിയിൽ മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിപ്പാണ് എന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

ഷർട്ട് അഴിക്കാൻ പറയുന്നത് പൂണൂൽ നോക്കാൻ വേണ്ടിയിട്ടാണെന്ന വാദത്തെയും സ്വാമി ചിദാനന്ദപുരി തള്ളി. ആധ്യാത്മിക രംഗത്തുള്ളവർ പല അബദ്ധധാരണകൾ പ്രചരിപ്പിക്കുന്നുവെന്നും അയുക്തങ്ങളും അശാസ്ത്രീയവുമായ പല കാര്യങ്ങളുമാണ് പ്രചരിപ്പിക്കപ്പെടുന്നത്. കാലാനുസൃതമായ വസ്ത്രവിധാനത്തെ ക്ഷേത്ര ആരാധനാ സംവിധാനത്തിൽ സ്വീകരിക്കുന്നതിൽ വിമുഖത കാട്ടിയിട്ടുണ്ടെന്നും ഇതിൽ മാറ്റം വരുത്തണമെന്നും ചിദാനന്ദപുരി പറഞ്ഞു. ക്ഷേത്രാരാധകളിൽ വിശ്വാസമുള്ളവരുടെ മതം നോക്കാതെ ക്ഷേത്രദർശനത്തിന് അനുവദിക്കണമെന്നും സ്വാമി കൂട്ടിച്ചേർത്തു.

Also Read:

Kerala
പെരിയ ഇരട്ടക്കൊലക്കേസ് ഒന്നാംപ്രതി അക്രമിക്കപ്പെട്ട പഴയ ചിത്രം പങ്കുവെച്ച് അനില്‍കുമാര്‍;Q എന്ന് അടിക്കുറിപ്പ്

അല്പസമയം മുൻപ്, ഇതേ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ രംഗത്തുവന്നിരുന്നു. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമെന്നും, അതിൽ മാറ്റം വരുത്തണമോന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത് എന്നുമാണ് കെ ബി ഗണേഷ്‌കുമാർ പറഞ്ഞത്. ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി എന്നും ഭരണാധികാരികൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാം എന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

നേരത്തെ ശിവഗിരി സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച സച്ചിദാനന്ദ സ്വാമിയുടെ നിലപാടിനെ പിണറായി വിജയൻ പിന്തുണച്ചത്. ആരാധനാലങ്ങളിൽ മേൽവസ്ത്രം അഴിക്കണമെന്ന നിബന്ധനയുണ്ട്. ഇതിൽ കാലാനുസൃതമായ മാറ്റം വേണമെന്ന് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ ഇടപെടലാണ് ഇതെന്നും കാലാനുസൃതമായ മാറ്റം വേണമെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Content Highlights: Swami Chidhanandpuri supports CM Pinarayi Vijayan

To advertise here,contact us