തിരുവനന്തപുരം: സിമന്റ് ലോറി മറിഞ്ഞ് കല്ലടിക്കോട് പനയമ്പാടത്ത് കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് പാലക്കാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഉടന്‍ സംഭവസ്ഥലത്തെത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍.
തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുമാണ്. സിമന്റ് ലോഡ് വഹിച്ച ലോറിയാണ് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്.
മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. കരിമ്പ പനയംപാടം സ്ഥിരം അപകടങ്ങള്‍ നടക്കുന്ന മേഖലയെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Content Highlights: Panayambadam accident; Education Minister ordered to investigate