ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി; പ്രശാന്തിനെതിരെ നടപടി മുഖ്യമന്ത്രി തീരുമാനിക്കും

പരസ്യ വിമർശനത്തിൽ വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ചീഫ് സെക്രട്ടറി. ചട്ടലംഘനം നടത്തി പരസ്യ വിമർശനം നടക്കുന്നതായുള്ള വസ്തുത റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി നൽകിയത്. സ്വമേധയ ചീഫ് സെക്രട്ടറി റിപ്പോർട്ട് തയ്യാറാക്കി കൈമാറുകയായിരുന്നു. പരസ്യ വിമർശനത്തിൽ വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പരസ്യവിമർശനം തുടരുന്ന എൻ പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും.

അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ നേരത്തെ എൻ പ്രശാന്ത് ഐഎഎസ് ഫേസ്ബുക്ക് വഴി തുടർച്ചയായി വിമർശനം ഉന്നയിച്ചിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെ ചിത്തരോഗിയെന്ന് വിശേഷിപ്പിച്ച എന്‍ പ്രശാന്ത് കമൻ്റിട്ടതാണ് വിവാദങ്ങൾ ആളിക്കത്തിച്ചത്. ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പിള്ളിയിലെ ചിത്തരോഗി എന്ന് തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന കമൻ്റിന് എന്‍ പ്രശാന്ത് മറുപടി നൽകുകയായിരുന്നു. മന്ത്രിയുടെ അനുമതിയോടെയും നിര്‍ദ്ദേശപ്രകാരവും ഫീല്‍ഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ 'അദര്‍ ഡ്യൂട്ടി' മാര്‍ക്ക് ചെയ്യുന്നതിനെ 'ഹാജര്‍ ഇല്ല' എന്ന് വ്യാജമായി റിപ്പോര്‍ട്ടാക്കണമെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുണ്ടായിരുന്നിരിക്കണം. തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് ഐഎഎസ് എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. പൊതുജനത്തിന് അറിയാന്‍ താത്പര്യമുള്ള കാര്യം മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും പ്രശാന്ത് വിമർശിച്ചിരുന്നു.

Also Read:

Kerala
മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി

ഇതിന് പിന്നാലെ പ്രശാന്തിനെതിരെ വിമർശനവുമായി മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രംഗത്ത് വന്നിരുന്നു. വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്തെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ വിമർശനം. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിൽ വില്ലന്റെ റോളിൽ പ്രശാന്ത് പ്രവർത്തിച്ചത്. യുഡിഎഫിന് വേണ്ടി വിടുപണി ചെയ്ത ആളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി. ആഴക്കടൽ മത്സ്യബന്ധന കരാർ അതിന്റെ ഭാഗമായിരുന്നുവെന്നുമാണ് മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കിൽ കുറിച്ചത്.

ഏറ്റവും ഒടുവിൽ ഹിന്ദു ദിനപത്രത്തിൽ വന്ന സിബിഐ അന്വേഷണ വാ‍ർത്ത പങ്കുവെച്ചാണ് പ്രശാന്ത് ഐഎഎസ് ജയതിലകിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്. ജയതിലക് സ്വയം എഴുതിക്കൂട്ടിയ റിപ്പോർട്ട് ഇന്നും വാർത്തയാക്കിയെന്നും ജയതിലകിനെ ചില മാധ്യമങ്ങൾ സംരക്ഷിക്കുന്നുവെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പ്രശാന്ത് ഐഎഎസ് കുറ്റപ്പെടുത്തിയിരുന്നു. 18 വർഷം സർവ്വീസുള്ള ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥൻ മാതൃഭൂമിയെപ്പോലൊരു മഞ്ഞപ്പത്രത്തെ കൂട്ട്‌ പിടിച്ച്‌ ബാലിശമായ വ്യാജ നരേറ്റീവ്‌ സൃഷ്ടിക്കുന്നു എന്നും പ്രശാന്ത് ഐഎഎസ് കുറ്റപ്പെടുത്തുന്നുണ്ട്. അതിന് ധൈര്യപ്പെടുന്ന വ്യക്തി മറ്റ്‌ കീഴുദ്യോഗ്സ്ഥരോട്‌ എന്തൊക്കെ ചെയ്ത്‌ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നുണ്ട്. 'അദ്ദേഹം കൽപ്പിക്കുന്ന രീതിയിൽ ഫയൽ/റിപ്പോർട്ട്‌/നോട്ടെഴുതാൻ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ്‌ ഇടനാഴിയിൽ വെറുതേ നടന്നാൽ കേൾക്കാം. അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂവെന്നു'മായിരുന്നു പ്രശാന്തിൻ്റെ വിമർശനം.

Content Highlights: Chief Minister Pinarayi Vijayan will decide action against Prasanth N

To advertise here,contact us