കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യാത്ര ചെയ്തു; യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

ദൃശ്യങ്ങള്‍ യുവാവ് സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ പോയവര്‍ പകര്‍ത്തുകയായിരുന്നു

കുമളി: കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യാത്ര ചെയ്ത യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയില്‍ കുമളിയില്‍ നിന്നും ലോവര്‍ക്യാമ്പിലേക്കുള്ള റോഡിലാണ് യുവാവ് അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ആലപ്പുഴ രജിസ്‌ട്രേഷനിലുള്ളതാണ് കാർ. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടി എടുത്തത്.

സണ്‍റൂഫിന് മുകളിലിരുന്ന് അപകടകരമായ രീതിയിൽ യാത്ര നടത്തുന്ന ദൃശ്യങ്ങള്‍ യുവാവ് സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ പോയവര്‍ പകര്‍ത്തുകയായിരുന്നു. തമിഴ്‌നാടിന്റെ പരിധിയില്‍ വരുന്ന സ്ഥലത്താണ് യുവാവ് അപകടകരമായ യാത്ര നടത്തിയിട്ടുള്ളത്. അതിനാല്‍ യുവാവിനെതിരെ നടപടി സ്വീകരിക്കാന്‍ തേനി ആര്‍ടിഒയ്ക്ക് കത്ത് കൊടുക്കുമെന്ന് കുമളി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

To advertise here,contact us