കലോത്സവ- ശാസ്ത്രോത്സവ കലവറയിലേക്ക് മടങ്ങിയെത്തി പഴയിടം

രണ്ടു ദിവസങ്ങളിലായി ഏഴായിരം പേര്ക്കാണ് റവന്യൂ ശാസ്ത്രമേളയില് ഭക്ഷണം തയ്യാറാക്കുന്നത്

കൊച്ചി: ഇനി സ്കൂള് മേളകളുടെ പാചകപ്പുരകളിലേക്കില്ല എന്ന തീരുമാനം തല്ക്കാലത്തേക്ക് മാറ്റിവെച്ച് പഴയിടം മോഹനന് നമ്പൂതിരി. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചകമാണ് പഴയിടം ഏറ്റെടുത്തിരിക്കുന്നത്. കളമശേരിയില് നടക്കുന്ന സംസ്ഥാന സ്പെഷ്യല് സ്കൂള് കലോത്സവത്തിനും പഴയിടത്തിന്റെ 11 അംഗ സംഘം ഭക്ഷണമൊരുക്കും.

കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള് കലോത്സവത്തില് ഉയര്ന്ന വാദപ്രതിവാദങ്ങളെ തുടര്ന്നാണ് ഇനി സ്കൂള് മേളകളിലേക്കില്ലെന്ന് പഴയിടം പ്രഖ്യാപിച്ചത്. എന്നാല് സ്പെഷ്യല് സ്കൂള് കലോത്സവത്തിന്റെ സംഘാടകരുടെ നിര്ബന്ധത്തിന് വഴങ്ങിയാണ് പഴയിടം തല്ക്കാലം തീരുമാനത്തില് നിന്ന് പിന്മാറിയത്.

നവംബര് എട്ടു മുതല് പത്തുവരെ കളമശേരിയിലാണ് സംസ്ഥാന സ്പെഷ്യല് സ്കൂള് കലോത്സവം. പ്രത്യേക പരിഗണന വേണ്ട കുട്ടികളാണ് അവര്, അത് കൊണ്ട് നിരസിക്കാനാവില്ലെന്ന് പഴയിടം പറഞ്ഞു. അവര്ക്കുവേണ്ടി വരുന്നുണ്ട്. ശാസ്ത്രമേളയുടെ സംഘാടകരും വിളിച്ചിരുന്നു. അപ്പോള് രണ്ടുംകൂടിയാകാമല്ലോ എന്ന് വിചാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി ഏഴായിരം പേര്ക്കാണ് റവന്യൂ ശാസ്ത്രമേളയില് ഭക്ഷണം തയ്യാറാക്കുന്നത്. വിദ്യാര്ത്ഥികള്ക്ക് ഉച്ചഭക്ഷണം മാത്രം. വിധി കര്ത്താക്കള്ക്ക് രാവിലെയും വൈകീട്ടും ചായയും പലഹാരവും. ഫണ്ടില്ലാത്തതിനാല് ആര്ഭാടമൊന്നും കാണിക്കാനിലാകില്ലെന്ന് പഴയിടം പറയുന്നു. മേളയുടെ ദിവസങ്ങളില് പഴയിടം ഉണ്ടാവില്ല. കൂടെയുള്ളവര്ക്കായിരിക്കും കലവറയുടെ മേല്നോട്ടം.

To advertise here,contact us