വടക്കേ മലബാറിൽ ഇന്ന് മുതൽ കളിയാട്ടക്കാലം; തെയ്യത്തിന് തുടക്കമായി

അനീതിയുടെ ഇടവഴിയിൽ ചതിയിലൂടെ കൊല ചെയ്യപ്പെട്ട വിഷകണ്ഠൻ തെയ്യം കെട്ടിയാണ് ഈ വർഷത്തെ തെയ്യക്കാലത്തിന് തുടക്കമാകുന്നത്

കണ്ണൂർ: വടക്കേ മലബാറിൽ ഇന്ന് മുതൽ തെയ്യാട്ടക്കാലത്തിന് തുടക്കം. ഇനി ആറ് മാസക്കാലം വടക്കിന്റെ മണ്ണിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ കളിയാട്ടക്കാലമാണ്. കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിലെ തെയ്യാട്ടത്തോടെയാണ് ഈ വർഷത്തെ തെയ്യക്കാലത്തിന് തുടക്കമാകുന്നത്.

ദൈവം മണ്ണിലേക്കെത്തുന്ന തുലാമാസത്തിലെ പത്താമുദയം എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഇതോടെ വിശ്വാസത്തിന്റെ കൽവിളക്കിൽ തോറ്റംപാട്ടിന്റെ തിരിതെളിയുന്നു. ചിലമ്പും ചുരികയും ചെമ്പട്ടും ചുറ്റി വടക്കിന്റെ ദൈവം ഇനി മനുഷ്യർക്ക് ഇടയിലേക്ക് എന്നാണ് ഈ വിശേഷ കാലത്തെ വടക്കേ മലബാറുകാർ പറയുന്നത്.

അനീതിയുടെ ഇടവഴിയിൽ ചതിയിലൂടെ കൊല ചെയ്യപ്പെട്ട വിഷകണ്ഠൻ തെയ്യമാണ് ചാത്തമ്പള്ളി കാവിൽ കെട്ടിയാടുന്നത്. പഴമയും പാരമ്പര്യവും ചേർത്ത് കെട്ടിയ ചെക്കിപൂമാല, അനീതിക്കെതിരെയുള്ള പടപ്പുറപ്പാടിന്റെ ചുവന്ന ഉടയാട, ചായില്യം ചേർത്ത് എഴുതിയ മുഖത്തെഴുത്ത്, കുത്തുവിളക്കിന്റെ കരിമഷി, കുരുത്തോല ചമയങ്ങൾ, എല്ലാം ചേർന്നാൽ പ്രകൃതിയായി. അത് തന്നെയാണ് തെയ്യം അഥവാ ദൈവം.

കണ്ടനാർ കേളനായും, കതിവന്നൂർ വീരനായും, കളരിയാൽ ഭഗവതിയായും വടക്കന്റെ തെയ്യങ്ങൾ ഇനി വർഷത്തിന്റെ പകുതിയോളം ചിലങ്ക കിലുക്കി കൊണ്ടിരിക്കും. സംവത്സരങ്ങൾ ഓരോന്ന് കഴിയുന്തോറും അനുഷ്ഠാനങ്ങൾ മുറ തെറ്റാതെ പാലിക്കുന്നുണ്ടെങ്കിലും പുതുമയുടെ മേളപ്പെരുക്കം ചിലപ്പോഴെങ്കിലും കാതടപ്പിക്കുന്നതാണ്.

To advertise here,contact us