ഡോക്ടർ നഴ്സുമാരെ മർദ്ദിച്ചെന്ന ആരോപണം; ഇന്ന് സംസ്ഥാന വ്യാപക കരിദിനം ആചരിക്കും

'ഡോ. അലോകിനെ അറസ്റ്റ് ചെയ്യും വരെ പണിമുടക്കുമായി മുന്നോട്ട് പോകും'

തൃശൂർ: നൈൽ ആശുപത്രിയിലെ ഗർഭിണിയായ നഴ്സസിനെ എംഡിയും ഡോക്ടറുമായ അലോക് മർദ്ദിച്ചെന്ന ആരോപണത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. യുഎൻഎ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഡോ. അലോകിനെ അറസ്റ്റ് ചെയ്യും വരെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് യുഎൻഎ അദ്ധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി.

നഴ്സുമാരെ പിരിച്ചുവിട്ട സംഭവത്തിൽ ചർച്ച നടക്കുന്നതിനിടെ ഡോ. അലോക് ചവിട്ടിയെന്നാണ് ഗർഭിണിയായ നഴ്സിന്റെ ആരോപണം. എന്നാൽ നഴ്സിനെ ചവിട്ടിയെന്ന ആരോപണം ഡോ. അലോക് നിഷേധിച്ചു. ലേബർ ഓഫീസിൽ ചേർന്ന ചർച്ചക്കിടെ യുഎൻഎ അംഗങ്ങൾ കൂട്ടമായി അക്രമിച്ചു എന്നാണ് അലോകിന്റെ വാദം.

മതിയായ ക്വാളിഫിക്കേഷൻ ഇല്ലാത്ത നഴ്സുമാരെയാണ് പിരിച്ചുവിട്ടതെന്നും തന്നെയാണ് നഴ്സുമാർ ഉപദ്രവിച്ചതെന്നും ഡോക്ടർ അലോകും ആരോപിച്ചു. യോഗ്യതയില്ലാത്തവരെ പിരിച്ചുവിട്ടതിനുള്ള പ്രതികാര മനോഭാവമാണ് നഴ്സുമാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ഡോക്ടർ അലോക് പറഞ്ഞിരുന്നു. മർദ്ദനമേറ്റ പാടുകൾ കാണിച്ചായിരുന്നു ഡോക്ടറുടെ വിശദീകരണം. എന്നാൽ മുറിവ് ഡോക്ടർ പിന്നീട് ഉണ്ടാക്കിയതാണെന്ന് നഴ്സുമാരും ആരോപിച്ചു.

To advertise here,contact us