തിരുവനന്തപുരം: കൈതോലപ്പായയിൽ സിപിഐഎം നേതാവ് പണം കടത്തി എന്ന, ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ ആരോപണം പൊലീസ് അന്വേഷിക്കും. കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ നൽകിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം ഡിസിപി വി അജിത്തിന്റെ മേൽനോട്ടത്തിൽ അസിസ്റ്റൻറ് കമ്മീഷണറാണ് കേസ് അന്വേഷിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴി തന്നെ അപമാനിക്കുന്നെന്ന കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പരാതിയും ഡിസിപിക്ക് കൈമാറിയിട്ടുണ്ട്. സിപിഐഎം നേതാക്കൾക്കെതിരായ പരാതികളിൽ അന്വേഷണത്തിന് പൊലീസ് തയ്യാറാവുന്നില്ലെന്ന രാഷ്ട്രീയ വിമർശനം ശക്തമാകുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കളുടെ പരാതികളിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയിരിക്കുന്നത്.
ഒരു ഉന്നത സിപിഎം നേതാവ് കൈതോലപ്പായയിൽ പണം കടത്തിയെന്നാണ് ജി ശക്തിധരൻ ആരോപിച്ചത്. രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ നേതാവ് കൈപ്പറ്റിയെന്നും ഫെയ്സ്ബുക് പോസ്റ്റിലൂടെ അദ്ദേഹം ആരോപണം ഉന്നയിച്ചു. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലുള്ള ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ആരോപിച്ചു. ഇതിന് പിന്നാലെ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.
മുഖ്യമന്ത്രിയുടെ മൗനവും സംഭവത്തിൽ കേസ് എടുക്കാത്തതും കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കി. കേസെല്ലാം പ്രതിപക്ഷനേതാക്കൾക്കെതിരെ മാത്രമാണെന്നും മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളും പരാതികളുമുണ്ടായിട്ടും പൊലീസ് അന്വേഷിക്കുന്നില്ലെന്നും കോൺഗ്രസ് വിമർശിച്ചു. ഇതിനൊക്കെ ശേഷമാണ് പൊലീസ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.