കണ്ണൂര്: തന്നെ അങ്ങനെയൊന്നും കൊല്ലാൻ പറ്റില്ലെന്ന് കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരൻ. കെ സുധാകരനെ കൊല്ലാൻ സിപിഎം പദ്ധതിയിട്ടിരുന്നുവെന്ന ജി ശക്തിധരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. 'ഞാൻ ഒരു ദൈവ വിശ്വാസിയാണ്, ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം' എന്നും സുധാകരൻ പറഞ്ഞു.
മുമ്പ് കൂത്തുപറമ്പിൽ ഒരു പരിപാടിക്ക് പോയ തന്നെ കൊല്ലാൻ ആളുകൾ ഒളിച്ചിരുന്നിട്ടുണ്ട്. സിപിഐഎം തന്നെ കൊല്ലാൻ ആളെ വച്ചിരുന്നുവെന്ന് അറിയാം. ആയുസിന്റെ നീളം കൊണ്ടാണ് രക്ഷപ്പെട്ടത്. അങ്ങനെ നിരവധി സന്ദർഭങ്ങൾ തരണം ചെയ്താണ് ഇവിടെ വരെ എത്തിയതെന്നും സുധാകരൻ പറഞ്ഞു.
തന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ പുറത്ത് സിപിഐഎം കേസെടുക്കുമെന്ന പ്രതീക്ഷയില്ല. അഭിഭാഷകനുമായി സംസാരിച്ച് തുടർ നടപടി സ്വീകരിക്കും. എനിക്ക് ശക്തിധരനെ അറിയില്ല. അദ്ദേഹത്തെ ഫോണിൽ വിളിച്ച് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
താൻ കെ സുധാകരനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. കെ സുധാകരനെ കൊല്ലാൻ ആളെ വിട്ട പാർട്ടിയിലായിരുന്നു താനും. അന്ന് തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയതായിരുന്നുവെന്നാണ് ജി ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. കെ സുധാകരനെ എങ്ങനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് സംഘം കേരളത്തിലുണ്ട് എന്നത് സത്യമാണെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു. തൊഴിലാളി വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യുണിസ്റ്റ് പാർട്ടികൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.