ഹോര്‍മൂസ് സംഘര്‍ഷഭരിതം; യുഎസ് പടക്കപ്പലിന് നേരെ ഇറാന്റെ പ്രത്യാക്രമണം, നാവികര്‍ സുരക്ഷിതരെന്ന് സെറ്റ്‌കോം

ഇറാനിയന്‍ കപ്പലുകൾക്ക് തടസം സൃഷ്ടിക്കുകയും നാവിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം

തെഹ്‌റാന്‍: വീണ്ടും ഹോര്‍മൂസില്‍ സംഘര്‍ഷം കനക്കുന്നു. യുഎസ് പടകപ്പലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായി. മൂന്ന് അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ആണ് ആക്രണം ഉണ്ടായത്. കപ്പലുകള്‍ ഹോര്‍മൂസ് കടക്കാന്‍ ശ്രമിച്ചെന്നാണ് ഇറാന്‍ നല്‍കുന്ന വിശദീകരണം. കപ്പലുകളും നാവികരും സുരക്ഷിതരാണെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇന്നലെ ഇറാന്റെ എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം ഉണ്ടായിരുന്നു. മൂന്ന് എണ്ണ ടാങ്കറുകള്‍ അമേരിക്ക തകര്‍ത്തു എന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതിനുള്ള മറപടിയായാണ് ഇറാന്റെ ആക്രമണം.

യുഎസ് വിമാനവാഹിനിക്കപ്പലിനും യുഎസ് നാവികസേനയുടെ ഡിസ്‌ട്രോയര്‍ കപ്പലിനും നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചത്. ഇറാനിയന്‍ കപ്പലുകൾക്ക് തടസം സൃഷ്ടിക്കുകയും നാവിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. യുഎസ് യുദ്ധക്കപ്പലുകള്‍ക്ക് നേരെയുണ്ടായ മുന്‍കാല ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്റെ മൂന്ന് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ തകര്‍ത്തു എന്ന് യുഎസ് സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ അവകാശവാദം ഉയര്‍ന്നുവന്നത്.

ഇറാനിയന്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ യുഎസിന്റെ ആക്രമണ നടപടിയെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും, സംഘര്‍ഷം വഷളാകുന്നതിന്റെ ഉത്തരവാദിത്തം യുഎസും സഖ്യകക്ഷികളും വഹിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. യുഎസ് യുദ്ധക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷന്‍ വക്താവും നിയമസഭാംഗവുമായ ഹസ്സന്‍ ഗാഷ്ഗവി സ്ഥിരീകരിച്ചു. അമേരിക്കയുമായുള്ള അസ്തിത്വപരമായ യുദ്ധത്തിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങളെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വാഷിംഗ്ടണ്‍ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നായിരുന്നുവെന്നും വാദിച്ചു.

'കാര്യം ലളിതമാണ്, യുഎസ് കപ്പലുകള്‍ക്കു നേരെ അവര്‍ വെടിയുതിര്‍ത്താല്‍, ഞങ്ങള്‍ അവരുടെ എണ്ണ ടാങ്കറുകള്‍ തകര്‍ക്കും. യുഎസിനു നേരെ വെടിയുതിര്‍ക്കാതിരിക്കുക എന്നത് മാത്രമാണ് അവര്‍ ചെയ്യേണ്ടത്', എന്നായിരുന്നു ഇറാന്റെ ആദ്യഘട്ട ആക്രമണങ്ങള്‍ക്ക് പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കണക്കനുസരിച്ച്, ആദ്യഘട്ട ആക്രമണത്തില്‍ ഐആര്‍ജിസി രണ്ട് യുഎസ് യുദ്ധക്കപ്പലുകള്‍ക്കു നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടു. ഒരു വിമാനവാഹിനിക്കപ്പലും ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് കപ്പലുകളും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നും യുഎസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും പരിക്കേറ്റില്ലെന്നും സെറ്റ്കോം അറിയിച്ചു.

ഇറാന്റെ മൂന്ന് കപ്പലുകളെ യുഎസ് ലക്ഷ്യമിട്ടതായും അവര്‍ സ്ഥിരീകരിച്ചു. അവയില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാക്കപ്പെട്ടു. മൂന്നാമത്തെ കപ്പലിലെ ജീവനക്കാരോട് കപ്പല്‍ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം ആ കപ്പല്‍ പൂര്‍ണ്ണമായും തകര്‍ത്തു. അമേരിക്കന്‍ സേനയെ സംരക്ഷിക്കുന്നതിനൊപ്പം ഐആര്‍ജിസിക്ക് മേല്‍ സാമ്പത്തിക തിരിച്ചടി ഏല്‍പ്പിക്കാനും വാഷിംഗ്ടണ്‍ ഉദ്ദേശിക്കുന്നതായി സെന്റകോം കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു. ഇന്നലെ ഇറാന്റെ പികാക്സ് മലനിരയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

Content Highlights: Tensions are escalating again in the Strait of Hormuz, with Iran reportedly launching a missile attack targeting three US ships. Iran said the vessels were attempting to cross the strait, while the US maintained that its ships and sailors were safe. The incident follows reported US action against Iranian oil tankers.

To advertise here,contact us