അശാന്തി ഒഴിയാതെ പശ്ചിമേഷ്യ; ഇറാനെതിരെ എല്ലാ നടപടികളും പരിഗണനയിലെന്ന് യുഎസ്

ലെബനന് നേരെ ആക്രമണം നടത്താന്‍ ഇസ്രയേല്‍ സൈന്യം പദ്ധതിയിടുന്നതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

തെഹ്‌റാന്‍: പശ്ചിമേഷ്യയിൽ ആശങ്ക നിലനിൽക്കെ, ഇറാനെതിരെ എല്ലാ നടപടികളും പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തെഹ്റാന്‍ അവസാനിപ്പിക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. എന്നാല്‍ യുഎസ് ആക്രമണങ്ങള്‍ക്ക് ഇതുവരെ കാണാത്തതും ശക്തവുമായി തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരെഫയും മുന്നറിയിപ്പ് നല്‍കി.

യുഎസ് സേന ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടന്നുകൊണ്ട് രാജ്യത്തെ എണ്ണ വ്യവസായം മുന്നോട്ട് പോകുകയാണെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി മൊഹ്സെന്‍ പാക്നെജാദ് പറഞ്ഞു. നിലവിലെ സാഹചര്യം പ്രയാസകരമാണെങ്കിലും കൈകാര്യം ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറാനിലെ സിരിക് നഗരത്തില്‍ വിവാഹച്ചടങ്ങിന് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.

ലെബനന് നേരെ ആക്രമണം നടത്താന്‍ ഇസ്രയേല്‍ സൈന്യം പദ്ധതിയിടുന്നതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്നതാണ് തന്റെ അടുത്ത പ്രധാന ദൗത്യമെന്നും, ആ ലക്ഷ്യം കൈവരിക്കാവുന്ന ദൂരത്താണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇറാനില്‍ നടന്ന യുഎസ് ആക്രമണങ്ങളില്‍ ഇറാനിയന്‍ സൈന്യത്തിലെ മൂന്ന് പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായി ഇന്നലെ ഐആര്‍ജിസി യുമായി ബന്ധമുള്ള തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊല്ലപ്പെട്ട മൂന്ന് പൈലറ്റുമാരുടെയും പേരുകളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ നാവികസേനയിലെയും ഒരാള്‍ വ്യോമസേനയിലെയും പൈലറ്റുമാരാണെന്ന് അവകാശപ്പെട്ടെങ്കിലും, അവര്‍ കൊല്ലപ്പെട്ട സാഹചര്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സെപ്റ്റംബര്‍ 1-ന് വൈകുന്നേരം അഹ്വാസ്, അഘജാരി എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഏഴ് പേരുടെ വിവരങ്ങള്‍ നേരത്തെ തന്നെ ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ആ റിപ്പോര്‍ട്ടിലും ഈ മൂന്ന് പൈലറ്റുമാരുടെ പേരുകളും ഉള്‍പ്പെട്ടിരുന്നു. തെക്കന്‍ ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 1-ന് നടന്ന യുഎസ് ആക്രമണങ്ങളില്‍ ഇറാനിയന്‍ നാവികസേനയിലെ ആറ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊല്ലപ്പെട്ടവരില്‍ മൂന്ന് ലെഫ്റ്റനന്റുമാര്‍ (ഫസ്റ്റ് ക്ലാസ്), രണ്ട് ലെഫ്റ്റനന്റ് കമാന്‍ഡര്‍മാര്‍, ഒരു ചീഫ് പെറ്റി ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

തെക്കന്‍ കെര്‍മാന്‍ പ്രവിശ്യയിലെ ജിറോഫ്റ്റ് വിമാനത്താവളം, അസലൂയ, കെര്‍മാന്‍ഷാ, ഖുസെസ്താന്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങള്‍, സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ചബഹാര്‍, കൊനാരക് നഗരങ്ങള്‍, ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ സിരിക്, ലാവന്‍, ഖെഷ്ം, ബന്ദര്‍ അബ്ബാസ് തുടങ്ങിയ പ്രദേശങ്ങളെ യുഎസ് ലക്ഷ്യമിട്ടതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. ഈ ആക്രമണങ്ങളില്‍ 19 പേര്‍ കൊല്ലപ്പെടുകയും 142 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വ്യാഴാഴ്ച രാവിലെ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു.

യുദ്ധം തുടങ്ങി ആറുമാസം പിന്നിടുമ്പോള്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചിക്കുകയാണ്. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നിട്ടും കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. എപ്പോള്‍ വേണമെങ്കിലും ഇറാനെ ആക്രമിക്കാന്‍ തന്റെ സൈന്യം സജ്ജമാണെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. അതേസമയം ഇതിന് മറുപടിയായി, കുവൈറ്റ്, ജോര്‍ദാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍, ഇറാഖിലെ സ്വയംഭരണാധികാരമുള്ള കുര്‍ദിസ്ഥാന്‍ മേഖല എന്നിവയുള്‍പ്പെടെ പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങളെ ഇറാന്‍ ആക്രമിച്ചിരുന്നു.

Content Highlights: US Vice President JD Vance said all options remain under consideration regarding Iran and ruled out talks until Tehran stops actions against commercial vessels in the Strait of Hormuz. Iran’s First Vice President Mohammad Reza Aref warned of an asymmetrical and multi-layered response to US actions, while Petroleum Minister Mohsen Paknejad said the country’s oil industry continues despite US sanctions.

To advertise here,contact us