കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിരൂക്ഷമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1,127 ആയി. 4,858 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് നേപ്പാൾ പൊലീസ് ബുധനാഴ്ച അറിയിച്ചത്. ജീവനോടെ ശേഷിച്ചവരെ കണ്ടെത്താനും മൃതദേഹങ്ങൾ വീണ്ടെടുക്കാനുമുള്ള തിരച്ചിൽ അപകടം നടന്ന് എട്ടാം ദിവസവും രക്ഷാപ്രവർത്തകർ തുടരുകയാണ്. നേപ്പാൾ പൊലീസിന്റെ കണക്കുകൾ പ്രകാരം ചിത്വാനിൽ നിന്ന് 348 മൃതദേഹങ്ങളും നാവൽപരാസി ഈസ്റ്റിൽ നിന്ന് 217 മൃതദേഹങ്ങളും നാവൽപരാസി വെസ്റ്റിൽ നിന്ന് 190 മൃതദേഹങ്ങളും നുവാകോട്ടിൽ നിന്ന് 155 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഗോർഖയിൽ നിന്ന് 66, ധാദിങ്ങിൽ നിന്ന് 59, റസുവയിൽ നിന്ന് 45, തനഹുവിൽ നിന്ന് 38 മൃതദേഹങ്ങളും ഇതുവരെ കണ്ടെടുത്തു എന്നാണ് അധികൃതർ അറിയിക്കുന്നത്.
1,113 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടവും നിയമപരമായ തിരിച്ചറിയൽ നടപടികളും പൂർത്തിയാക്കിയതായും പൊലീസ് അറിയിച്ചു. ഇതുവരെ 95 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 911 മൃതദേഹങ്ങളുടെ വിവരങ്ങൾ നേപ്പാൾ പൊലീസ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. കാണാതായ ബന്ധുക്കളെ തിരിച്ചറിയാൻ കുടുംബങ്ങളെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ദുരന്തബാധിത മേഖലകളിൽ നിന്ന് ഇതുവരെ 6,541 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ 4,858 പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ദുരന്തത്തിൽ നിരവധി വിദേശ പൗരന്മാരെയും കാണാതായിട്ടുണ്ട്. നേപ്പാളിൽ മാത്രം 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 583 വിദേശ പൗരന്മാരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനയിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 261 വിദേശ പൗരന്മാരെയും കാണാനില്ലെന്നും റിപ്പോർട്ട് ഉണ്ട്. നേപ്പാളിൽ കാണാതായതിൽ വിദേശ പൗരന്മാരിൽ ഇന്ത്യക്കാരാണ് ഏറ്റവും വലിയ വിഭാഗങ്ങളിലൊന്ന്. 275 ഇന്ത്യൻ പൗരന്മാരെയും ഇന്ത്യൻ വംശജരായ 128 പേരെയും കാണാതായതായി ന്യൂഡൽഹി അറിയിച്ചു. 85 അമേരിക്കൻ പൗരന്മാരെ കാണാതായതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ഞായറാഴ്ച അറിയിച്ചു.
നേപ്പാളിലെ ടൂറിസം അധികൃതരിൽ നിന്നും വിവിധ രാജ്യങ്ങളുടെ എംബസികളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പ്രകാരം 62 യുക്രെയ്ൻ പൗരന്മാരെയും 51 മലേഷ്യൻ പൗരന്മാരെയും 42 ഓസ്ട്രേലിയൻ പൗരന്മാരെയും 33 ബ്രിട്ടീഷ് പൗരന്മാരെയും കാണാതായിട്ടുണ്ട്. അതേസമയം നേപ്പാളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ഒഴുകിയെത്തുന്ന നദികളിൽ നിന്ന് 17 മൃതദേഹങ്ങൾ ഇന്ത്യയിലെ ഉത്തർപ്രദേശ് അധികൃതർ കണ്ടെത്തി. പ്രളയത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ ഇന്ത്യൻ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഇവ നേപ്പാളിലെ ഔദ്യോഗിക മരണസംഖ്യയിൽ ഉൾപ്പെടുത്തിയിട്ടില്ല.
Content Highlights: Nepal flash floods death toll rises to 1,127 as rescue teams continue the search for missing people for the eighth consecutive day