വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ സംബന്ധിച്ച് പെന്റഗൺ അന്വേഷണം നടത്തണമെന്ന് രണ്ട് പ്രമുഖ ഡെമോക്രാറ്റിക് സെനറ്റർമാർ ആവശ്യപ്പെട്ടു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനും ആക്ടിങ് നാവികസേനാ സെക്രട്ടറി ഹങ് കാവോയ്ക്കും തിങ്കളാഴ്ചയാണ് ഇരുവരും കത്തയച്ചതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്നീ വിമാനവാഹിനിക്കപ്പലുകളുടെയും യുഎസ്എസ് ബെൻഫോൾഡ് എന്ന ഡിസ്ട്രോയറിന്റെയും സമീപകാല വിന്യാസത്തെക്കുറിച്ച് അടിയന്തരവും സ്വതന്ത്രവുമായ തന്ത്രപരമായ അവലോകനം നടത്തണമെന്നാണ് സെനറ്റർമാർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡെമോക്രാറ്റിക് അംഗങ്ങളായ പാറ്റി മുറെയും ക്രിസ് കൂൺസുമാണ് അന്വേഷണം ആവശ്യപ്പെട്ടത്. എഞ്ചിനീയറിങ് തകരാറിനെ തുടർന്ന് കഴിഞ്ഞ മാസം യുഎസ്എസ് ബെൻഫോൾഡ് നാല് ദിവസത്തോളം ദക്ഷിണ ചൈനാക്കടലിൽ വൈദ്യുതിയില്ലാതെ കിടന്നിരുന്നു.
സൈനിക സന്നദ്ധത, പ്രവർത്തനങ്ങൾ, ജീവനക്കാരുടെ എണ്ണം, ജീവിതനിലവാരം, മാനസികാരോഗ്യം, കപ്പലുകളിലെ തൊഴിൽസംസ്കാരം, ജീവനക്കാരുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം തുടങ്ങിയ വിഷയങ്ങൾ സ്വതന്ത്ര അവലോകനത്തിലൂടെ പരിശോധിക്കണമെന്നും സെനറ്റർമാർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ദീർഘകാല വിന്യാസങ്ങളിൽ നാവികസേനാംഗങ്ങൾക്കും മറൈൻസിനും മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ശുപാർശകളും അവലോകനത്തിൽ ഉൾപ്പെടുത്തണമെന്നും അവർ കത്തിൽ പറയുന്നുണ്ട്. ഫോർഡിലും ലിങ്കണിലും ജീവനക്കാരെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കണമെന്നും സെനറ്റർമാർ നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയിലെ വൈസ് ചെയറാണ് പരാതി നൽകിയിരിക്കുന്ന പാറ്റി മുറെ. കമ്മിറ്റിയുടെ പ്രതിരോധ പാനലിലെ ഡെമോക്രാറ്റിക് അംഗം കൂടിയാണ് കൂൺസ്. ഫെഡറൽ ബജറ്റ് നിയമങ്ങൾ തയ്യാറാക്കുന്നതിനാൽ സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റി ഏറെ സ്വാധീനമുള്ള സമിതിയായാണ് കണക്കാക്കപ്പെടുന്നത്.
യുഎസ്എസ് എബ്രഹാം ലിങ്കണും യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും വിമാനവാഹിനിക്കപ്പലുകളും ദീർഘകാലമായി ഇറാനെതിരെയി വിന്യാസിച്ചിരിക്കുകയാണ്. ഈ മാസം ആദ്യം ലിങ്കണിലെ ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കപ്പലിലെ ജീവനക്കാരുടെ ക്ഷേമവും സംബന്ധിച്ച ചർച്ചകൾ ഗൗരവത്തിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സെനറ്റർമാർ കത്ത് കൊടുത്തിരിക്കുന്നതെന്നാണ് ശ്രദ്ധേയം.
വെനസ്വേലയ്ക്കും ഇറാനുമെതിരായ യുദ്ധ ദൗത്യങ്ങൾ ഉൾപ്പെട്ട റെക്കോർഡ് ദൈർഘ്യമുള്ള വിന്യാസം അടുത്തിടെയാണ് യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പൂർത്തിയാക്കിയിരിക്കുന്നത്. സമാനമായ നിലയിലുള്ള ദീർഘകാലം നീണ്ട വിന്യാസം പൂർത്തിയാക്കി യുഎസ്എസ് എബ്രഹാം ലിങ്കൺ സാൻ ഡിയാഗോയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. 2025 ഡിസംബറിൽ ഗുവാമിൽ നങ്കൂരമിട്ടതിന് ശേഷം കപ്പലിലെ നാവികസേനാംഗങ്ങൾക്ക് തീരത്ത് ഇറങ്ങുന്നതിനുള്ള അവസരം വളരെ പരിമിതമായിരുന്നു. നാവികസേന നിശ്ചയിച്ചിട്ടുള്ള ഏഴ് മാസത്തെ കാലാവധിയെക്കാൾ ദൈർഘ്യമേറിയ വിന്യാസങ്ങൾ സമീപ വർഷങ്ങളിൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2020 മുതൽ അമേരിക്കൻ ആസ്ഥാനങ്ങളിൽ നിന്നുള്ള വിമാനവാഹിനിക്കപ്പലുകളുടെ ശരാശരി വിന്യാസ കാലയളവും തുടർച്ചയായി വർധിച്ചുവരികയാണ്.
Content Highlights: Democratic senators have called for an investigation into the living conditions and working environment faced by crew members aboard US Navy ships, raising concerns over the welfare and safety of naval personnel.