ഫ്ലോറിഡ: ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട് ചില നല്ല സൂചനകൾ ഉണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. എന്നാൽ അമിത ശുഭാപ്തി വിശ്വാസം പുലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു. നാറ്റോ വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി സ്വീഡനിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പായി ഫ്ലോറിഡയിൽ മാധ്യമ പ്രവർത്തകരോടായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ടോൾ ചുമത്തിയാൽ നയതന്ത്രപരമായ ഏതൊരു കരാറും അപ്രായോഗികമായിരിക്കും എന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. ലോകത്തിലെ ആരും ടോൾ സംവിധാനത്തെ അനുകൂലിക്കുന്നില്ല. അത് സംഭവിക്കില്ല. അത് അസ്വീകാര്യമായിരിക്കും എന്നായിരുന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം. 'അവർ അത് തുടരുകയാണെങ്കിൽ അത് ഒരു നയതന്ത്ര കരാറിനെ അസാധ്യമാക്കും. അതിനാൽ അവർ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നത് ലോകത്തിന് ഒരു ഭീഷണിയാണ്, അത് പൂർണ്ണമായും നിയമവിരുദ്ധ'മാണെന്നും മാർക്കോ റൂബിയോ പ്രതികരിച്ചു.
ഇറാനും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ തുടരുകയാണെന്നാണ് ഇറാനിയൻ വാർത്താ ഏജൻസിയായ ഐഎസ്എൻഎ വ്യക്തമാക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള കരാറിൻ്റെ ഔദ്യോഗിക ചട്ടക്കൂട് രൂപപ്പെടുത്തതിനായി ഇരുപക്ഷവും കരട് രൂപം തയ്യാറാക്കുന്നതിനായുള്ള നിലപാടുകൾ പരസ്പരം കൈമാറുന്നുണ്ടെന്നും ഐഎസ്എൻഎ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാർ രൂപപ്പെടുത്താൻ മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ ഉദ്യോഗസ്ഥർ കഠിനപ്രയത്നം നടത്തുന്നതായാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം അന്തിമ കരാറിൽ എത്താൻ കഴിയുമോ എന്ന് പറയാൻ സാധിക്കുന്ന ഘട്ടത്തിലേയ്ക്ക് എത്തിയിട്ടില്ലെന്ന് മറ്റൊരു ഇറാനിയൻ സ്രോതസ്സിനെ ഉദ്ധരിച്ച് അൽജസീറ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അമേരിക്കയും ഇസ്രയേലും ആക്രമണം ആരംഭിച്ചതിന് പിന്നാലെ ആഗോള എണ്ണ കയറ്റുമതിയുടെ അഞ്ചിലൊന്ന് ഭാഗവും കടന്ന് പോകുന്ന ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് വിഷയം സങ്കീർണ്ണമായത്. ഹോർമൂസ് തുറക്കാനുള്ള അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് ഇറാൻ വഴിപ്പെടാതിരുന്നതോടെ ആഗോള ഊർജ്ജ വിതരണത്തിലും പ്രതിസന്ധി ഉടലെടുത്തിരുന്നു. പിന്നാലെ കഴിഞ്ഞ മാസം മുതൽ അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കാൻ തുടങ്ങിയതോടെ ഇരുപക്ഷവും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഹോർമൂസിലൂടെ കടന്ന് പോകുന്നതിനായി വാണിജ്യ കപ്പലുകൾ ടോൾ നൽകണമെന്ന ഇറാൻ്റെ നിലപാട് യുദ്ധത്തെ ആഗോള പ്രതിസന്ധിയിലേയ്ക്ക് കൂടി തള്ളിവിട്ടിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താൻ മുൻ കൈ എടുത്തുള്ള സമാധാന കരാറിന് നീക്കം നടക്കുന്നത്.
The United States Secretary of State Marco Rubio says there are good indications for an agreement to end the Iran war but warns against excessive optimism. Latest updates on Iran ceasefire talks and US position.