ബെയ്റൂട്ട്: ഇസ്രയേലുമായുള്ള ചർച്ചയിൽ നിന്നും ലബനൻ സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഹിസ്ബുള്ള തലവൻ നയീം ഖാസിം. അതിക്രമിച്ച് കയറുകയും അധികാരം സ്ഥാപിക്കുകയും ചെയ്യുന്ന ഇസ്രയേലുമായി ചർച്ചയ്ക്ക് തയ്യാറാകരുത് എന്നാണ് ഹിസ്ബുള്ള ആവശ്യപ്പെടുന്നത്. നിരർത്ഥകമായ ചർച്ചകളാണ് ഇവയെന്നും നയിം ഖാസിം ശക്തമായി പ്രതികരിച്ചു. ഇന്ന് (ഏപ്രിൽ 14)ന് വാഷിങ്ടണിൽ വെച്ചാണ് ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ നിന്നും പിന്മാറണമെന്നാണ് ഹിസ്ബുള്ളയുടെ ആവശ്യം.
'കയ്യേറ്റക്കാരായ ഇസ്രയേലുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. ഇപ്പോൾ നടക്കാനിരിക്കുന്ന ചർച്ചയിൽ നിന്നും പിന്മാറാൻ ലബനൻ സർക്കാർ തയ്യാറാകണം. അതാണ് ഇപ്പോൾ എടുക്കേണ്ട ചരിത്രപരവും ധീരവുമായ നിലപാട്. ഇത്തരം ചർച്ചകൾ കൊണ്ട് യാതൊരു ഉപകാരവുമില്ല. പകരം ലബനൻ മുഴുവൻ ഒന്നിച്ചുനിൽക്കാൻ തയ്യാറാകണം. ഇസ്രയേലിന് മുൻപിൽ ഞങ്ങൾ ഒരിക്കലും അടിയറവ് പറയില്ല. അവസാന ശ്വാസം വരെ പോരാടും. ഇസ്രയേൽ സേന ലെബനനിൽ പ്രവേശിച്ചാൽ അത് ഇസ്രയേൽ പൗരന്മാരുടെ സുരക്ഷയെ തന്നെയാകും ബാധിക്കുക എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്.
യുദ്ധം ആരംഭിച്ച ഘട്ടത്തിൽ ഹിസ്ബുള്ള നടത്തിയ മിലിട്ടറി ആക്ഷനുകളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ലബനൻ സർക്കാരിന്റെ നടപടി പിന്നിൽ നിന്നും കുത്തുന്നതായിരുന്നു. ഹിസ്ബുള്ളയെ നിരായുധീകരിക്കാനും തകർക്കാനുമായി ലബനൻ സൈന്യത്തെ കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രയേലും അമേരിക്കയും പറയുന്നുണ്ട്. എന്നാൽ സൈന്യത്തിന് അങ്ങനെയൊരു നടപടി സ്വീകരിക്കാൻ കഴിയില്ല,' നയിം ഖാസിം പറഞ്ഞു. ഇസ്രയേലുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്മാറണമെന്ന ആവശ്യമുയര്‍ത്തി ഹിസ്ബുള്ളയെ പിന്തുണക്കുന്നവരുടെ വലിയ പ്രകടനം കഴിഞ്ഞ ദിവസങ്ങളില്‍ ബെയ്റൂട്ടില്‍ നടന്നിരുന്നു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയടക്കമുള്ളവരെ ഇസ്രയേലും അമേരിക്കയും ചേർന്ന് സംയുക്താക്രമണം നടത്തി കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഹിസ്ബുള്ള ഇസ്രയേലിനെതിരെ വീണ്ടും ആക്രമണവുമായി രംഗത്ത് വന്നത്. പിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് എന്ന പേരിൽ ഇസ്രയേൽ ലെബനനിൽ വ്യാപകമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ലെബനനിൽ ഇതിനോടകം രണ്ടായിരത്തിലേറെ പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു.
ഇറാൻ-യുഎസ് വെടിനിർത്തൽ കരാറിലേർപ്പെട്ടിരിക്കുന്ന സമയത്ത് പോലും ഇസ്രയേൽ ലെബനനിൽ അതിഭീകരമായി ആക്രമണം നടത്തിയിരുന്നു. 300 പേരാണ് ഒരൊറ്റ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലബനനിലെ പല ഗ്രാമങ്ങളും പൂർണമായും തകർന്ന് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഹിസ്ബുള്ളയും ഇസ്രയേലും വെടിനിർത്തലിലേക്ക് എത്തണമെന്ന് ലബനൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹിസ്ബുള്ളയുമായി ചർച്ചയ്ക്ക് തയ്യാറാകില്ലെന്ന് ഇസ്രയേൽ നിലപാട് സ്വീകരിച്ചു. ഹിസ്ബുള്ളയെ പൂർണമായും നിരായുധീകരിക്കുമെന്നും ലബനനിൽ സ്ഥിരമായി സൈന്യത്തെ വിന്യസിക്കുമെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിക്കുന്നത്.
Content Highlights: Hezbollah wants Lebanese government to cancel talks with Israel which is scheduled to happen today.