ഇറാൻ്റെ ഖാർ​ഗ് ദ്വീപിലെ എണ്ണ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തി അമേരിക്ക

ട്രംപ് ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ഖാർഗ് ദ്വീപിന് നേരെയുള്ള ആക്രമണം

തെഹ്റാൻ: ഇറാൻ്റെ തന്ത്രപ്രധാനമായ ഖാർ​ഗ് ദ്വീപിലെ എണ്ണ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തി അമേരിക്ക. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ഖാർഗ് ദ്വീപിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. യുദ്ധത്തിന്റെ തുടക്കത്തിലും ഖാർഗ് ദ്വീപ് ആക്രമിക്കപ്പെട്ടിരുന്നു. ഇറാന്റെ 90 ശതമാനം അസംസ്കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെർമിനൽ ഇവിടെയാണ്. ഇറാൻ തലസ്ഥാനമായ തെഹ്റാൻ ഉൾപ്പെടെ വിവിധ മേഖലകളിൽ കനത്ത ആക്രമണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

അമേരിക്കയുടെ വെടിനിർത്തൽ നിർദേശം നിരസിച്ച ഇറാനോട് കടുത്ത വിയോജിപ്പാണ് ട്രംപ് അറിയിച്ചിരുന്നത്. വലിയ വില നൽകേണ്ടി വരുമെന്നാണ് ട്രംപ് അറിയിച്ചത്. താത്കാലിക വെടിനിർത്തൽ നിർദേശം തള്ളിയതോടെ, ഇറാൻ്റെ വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചിരിക്കുകയാണ്. ഇന്ന് രാത്രിയോടെ അനുവദിച്ച സമയ പരിധി തീരുമെന്നും കീഴടങ്ങാൻ തയാറായില്ലെങ്കിൽ ഇറാൻ്റെ പാലങ്ങളും വൈദ്യുത സ്റ്റേഷനുകളും ബാക്കിയുണ്ടാകില്ലെന്നുമാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം ആവർത്തിക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയുടെ താത്കാലിക വെടിനിർത്തൽ കരാർ ഇറാൻ തള്ളിയിരുന്നു. ഒരിക്കലും താത്കാലിക വെടിനിർത്തലിന് തയ്യാറല്ലെന്നും യുദ്ധത്തിന് സ്ഥിരമായുള്ള അന്ത്യമാണ് വേണ്ടതെന്നാണ് ഇറാൻ പറഞ്ഞത്. യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറായാൽ മാത്രമെ വെടിനിർത്തലിനെ കുറിച്ച് ചിന്തിക്കൂ എന്നാണ് ഇറാന്റെ നിലപാട്.

Content Highlights: US attacks Iran's strategic oil facility on Kharg Island

To advertise here,contact us