'യുദ്ധത്തിന് സ്ഥിരമായ അന്ത്യം വേണം, താത്ക്കാലിക വെടിനിര്‍ത്തലിനില്ല'; അമേരിക്കയുടെ നിര്‍ദേശങ്ങള്‍ തള്ളി ഇറാന്‍

ലെബനനിലും ​ഗാസയിലും നടത്തിവരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്

തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയുടെ താത്കാലിക വെടിനിർത്തൽ കരാർ തള്ളി ഇറാൻ. ഇറാൻ്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെ താത്ക്കാലിക വെടിനിർത്തൽ ആവശ്യം തളളികളഞ്ഞായിരുന്നു ഇറാൻ മറുപടി നൽകിയത്. ഒരിക്കലും താത്കാലിക വെടിനിർത്തലിന് തയ്യാറല്ലെന്നും യുദ്ധത്തിന് സ്ഥിരമായുള്ള അന്ത്യമാണ് വേണ്ടതെന്നുമാണ് ഇറാൻ്റെ മറുപടി. പാകിസ്താൻ്റെ മധ്യസ്ഥത വഴിയാണ് ഇറാൻ്റെ നിലപാട് അമേരിക്കയെ അറിയിച്ചത്.

യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറായാൽ മാത്രമെ വെടിനിർത്തലിനെ കുറിച്ച് ചിന്തിക്കൂ എന്നാണ് ഇറാൻ പറയുന്നത്. കൂടാതെ വെടിനിർത്തൽ കരാറിനായി 10 നിർദേശങ്ങളും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണമായും നിർത്തണമെന്നാണ് ഒരു നിർദേശം. ഇതിന് പുറമേ ലെബനനിലും ​ഗാസയിലും നടത്തിവരുന്ന ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണവും അവകാശവും വിട്ട് നൽകണമെന്നും കടലിടുക്കിൽ നികുതി പിരിക്കാനുള്ള തീരുമാനം അം​ഗീകരിക്കണമെന്നും ഇറാൻ ആവശ്യം ഉയർത്തിയിട്ടുണ്ട്.

രാജ്യത്തിന് മേൽ ചുമത്തിയ സാമ്പത്തിക ഉപരോധങ്ങൾ നീക്കണമെന്നും ആണവ ഊർജ ഉത്പാദനത്തിനുള്ള തങ്ങളുടെ അവകാശം അം​ഗീകരിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. സംഘർഷത്തിലിൽ തങ്ങൾക്കുണ്ടായ സാമ്പത്തിക നഷ്ടങ്ങളിൽ പരിഹാരം വേണം. വീണ്ടും ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പ് നൽകി തങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ അം​ഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നും ഇറാൻ അറിയിച്ചു. ഇറാനെ നിലംപരിശാക്കുമെന്ന ട്രംപിൻ്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാൻ്റെ മറുപടി.

Content Highlights: Iran rejects US's temporary ceasefire deal in Middle East conflict

To advertise here,contact us