UN യോഗത്തിൽ വാക്‌പോര്;ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമെന്ന് ഇറാൻ,ഇനി അതിൽ അർത്ഥമില്ലെന്ന് USഉം ഇസ്രയേലും

നിലവിലെ സൈനിക നടപടികൾ ആർക്കും നിയന്ത്രിക്കാനാകാത്ത പ്രത്യാഘാതങ്ങൾ തീർക്കുമെന്ന് യു എൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: ഇറാൻ- ഇസ്രായേൽ സംഘർഷ സാഹചര്യത്തിൽ ന്യൂയോർക്കിൽ ചേർന്ന അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ വാക്‌പോര്. ആണവകരാർ സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ പ്രതിനിധി യോഗത്തിൽ പറഞ്ഞു. എന്നാൽ ചർച്ചകൾ അവസാനഘട്ടത്തിൽ എത്തിയിരുന്നെന്നും ഇറാൻ അതിന് തയ്യാറായില്ലെന്നും ഇനി അവ തുടരുന്നതിൽ അർത്ഥമില്ലെന്നുമായിരുന്നു ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ മറുപടി.

ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തിന് ഇസ്രായേലും യുഎസും ഉത്തരവാദികളെന്ന് ഇറാന്‍ അംബാസിഡർ തിരിച്ചടിച്ചു. നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് യുദ്ധക്കുറ്റമാണ്. കൊല്ലപ്പെട്ടവരില്‍ നൂറിലധികം കുട്ടികളാണ്. ആക്രമണം മനുഷ്യത്വരഹിതവും മാനവരാശിക്കെതിരായ കുറ്റമാണെന്നും ഇറാന്‍ സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശത്രുവിന്‍റെ സൈനിക താവളങ്ങളും ആസ്തികളും ഇറാന്‍റെ നിയമപരമായ ലക്ഷ്യമായിരിക്കുമെെന്നും ഇറാന്‍ പ്രതിനിധി വ്യക്തമാക്കി.

ഇറാനെതിരെ രൂക്ഷവിമർശനമുന്നയിച്ച യുഎന്നിലെ അമേരിക്കൻ അംബാസിഡർ മൈക്ക് വാൾട്ട് ന്യായീകരിച്ചു. അമേരിക്ക നിയമപരമായ നീക്കങ്ങളാണ് സ്വീകരിക്കുന്നതെന്നും എന്നാൽ ഇറാൻ മനഃപ്പൂർവ്വം അസ്ഥിരമായ സാഹചര്യം തീർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രക്തച്ചൊരിച്ചിലിന് കാരണം ഇറാൻ പിന്തുണയ്ക്കുന്ന സായുധ ഗ്രൂപ്പുകളാണെന്നും വാൾട്ട്‌ ആരോപിച്ചു.

അതേസമയം രണ്ട് മണിക്കൂറോളം നീണ്ട യോഗത്തിൽ സുരക്ഷാ കൗൺസിലിലെ 15 അംഗങ്ങളാണ് പങ്കെടുത്തത്. നിലവിലെ സംഘർഷ സാഹചര്യത്തിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക രേഖപ്പെടുത്തി. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയത് നഗ്നമായ ആക്രമണമാണെന്നും ഇത് ഐക്യരാഷ്ട്രസംഘടനയുടെ ചട്ടങ്ങളുടെ നിയമവിരുദ്ധമായ ലംഘനമാണെന്നും ഗുട്ടെറസ് പറഞ്ഞു. നിലവിലെ സൈനിക നടപടികൾ ആർക്കും നിയന്ത്രിക്കാനാകാത്ത പ്രത്യാഘാതങ്ങൾ തീർക്കുമെന്നും മേഖലയിലെ ശത്രുതാ നടപടികൾ അവസാനിപ്പിച്ച് സംഘർഷതീവ്രത കുറയ്ക്കണമെന്നും ഗുട്ടെറസ് പറഞ്ഞു.

Content Highlights: un security council meeting in emergency session over iran

To advertise here,contact us