'ധീരരായ ഇറാനിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യത്തിന് വലിയ വില നൽകേണ്ടിവന്നു, ട്രംപിന് നന്ദി'; റെസ പെഹ്‌ലവി

1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് മുൻപ് രാജ്യം ഭരിച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ പിൻഗാമിയാണ് റാസ പഹ്‌ലവി

വാഷിംഗ്ടൺ: ഇറാന് നേരെയുണ്ടായ സൈനിക നടപടിയിൽ യുഎസിന് നന്ദി പറഞ്ഞ് മുൻ ഷാ ഭരണാധികാരിയായ മുഹമ്മദ് റാസ പഹ്‌ലവിയുടെ മകൻ റെസ പഹ്‌ലവി. വിമോചനത്തിന്റെ സമയം അടുത്തുവെന്നും ഇറാനിലെ ധീരരായ ജനങ്ങൾക്ക് സ്വാതന്ത്ര്യത്തിനായി വലിയ വില നൽകേണ്ടിവന്നുവെന്നും റെസ പഹ്‌ലവി എക്‌സിൽ കുറിച്ചു. ജനാധിപത്യപരമായ ഒരു രാജ്യത്തിലേക്കുള്ള അധികാരകൈമാറ്റത്തിനായി തനിക്ക് ചില പദ്ധതികൾ ഉണ്ടെന്നും റാസ പഹ്‌ലവി പറഞ്ഞു. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് മുൻപ് രാജ്യം ഭരിച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ പിൻഗാമിയാണ് റെസ പഹ്‌ലവി.

ഖമനയി വധിക്കപ്പെട്ടതോടെ ഉന്നത പദവികളിലേക്ക് റാസ പഹ്‌ലവി അവരോധിക്കപ്പെടുമെന്നാണ് വിലയിരുത്തലുകൾ. ഇസ്‌ലാമിക വിപ്ലവത്തിന്റെ സമയത്ത് രാജ്യം ഭരിച്ചിരുന്ന രാജകുടുംബാംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി. റെസ പഹ്‌ലവി അമേരിക്കയിലേക്കാണ് കുടിയേറിയത്.

അതേസമയം, യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമം സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ ഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ചാണ് ഖമനയി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അക്രമണം ആരംഭിച്ചതിൻ്റെ ആദ്യമണിക്കൂറിൽ തന്നെ ഖമനേയിയെ വധിച്ചുവെന്നും ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 35 വർഷമായി ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുള്ള അലി ഖമനയി. പശ്ചിമേഷ്യയിൽ ഏറ്റവും അധികകാലം രാഷ്ട്രഭരണം നടത്തിയ രാഷ്ട്രത്തലവൻ കൂടിയാണ് അദ്ദേഹം. 1939ലാണ് അയത്തുള്ള അലി ഖമനേയി ജനിക്കുന്നത്. ഷിയ മുസ്‌ലിം വിഭാഗത്തിന്‍റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമായ മഷാദിലായിരുന്നു ജനനം. ഖുമിലെ സെമിനാരിയിൽ നിന്ന് മതപഠനം നേടിയ ഖമനയി ഷാ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പോരാടിയ, അത്തരത്തിൽ ജനപ്രീതി നേടിയ നേതാവാണ്.

അമേരിക്ക പിന്തുണ നൽകിയിരുന്ന മുഹമ്മദ് റാസ പെഹ്‌ലവി ഭരണകൂടത്തിനെതിരെ 1979ൽ നടന്ന ഇസ്‌ലാമിക വിപ്ലവത്തെ നയിച്ച അയത്തുള്ള റൂഹുള്ള ഖൊമെയ്നിയുടെ വിശ്വസ്ഥനായിരുന്നു ഖമനയി. 1981ൽ ഖമനയി ഇറാന്റെ മൂന്നാമത്തെ പ്രസിഡന്റായി. 1989ൽ ഇറാൻ പ്രസിഡന്റായിരിക്കെ പരമോന്നത നേതാവായി ചുമതലയേറ്റു. പിന്നാലെ ഇറാൻ സൈന്യം, നീതിന്യായ വ്യവസ്ഥിതി, മാധ്യമങ്ങൾ, എന്നിവ എളുപ്പം ഖമനയിയുടെ കൈപ്പിടിയിലേക്ക് എത്തി.

നിഴൽ യുദ്ധങ്ങളുടെ സൂത്രധാരനായിരുന്നു ഖമനയി. ഇറാനെ അനുകൂലിക്കുന്ന സംഘടനകളെ ഒപ്പം നിർത്തി ഒരു പ്രാദേശിക പ്രോക്സി (നിഴൽ) ശൃഖല രൂപപ്പെടുത്തുന്നതിൽ ഖമനയി വലിയ പങ്കാണ് വഹിച്ചത്. ലെബനനിലെ ഹിസ്ബുള്ളയ്ക്കും യെമനിലെ ഹൂതികൾക്കും ഇറാഖിലെയും സിറിയയിലെയും വിവധ സായുധ സംഘങ്ങൾക്കും ഖമനയി സാമ്പത്തിക സഹായവും ആയുധവും നൽകി. ഇസ്രയേലിനെതിരെ ഈ സംഘടനകളിലൂടെ ഖമനയി നിഴൽ യുദ്ധങ്ങൾ നടത്തി. ഒരിക്കലും നേരിട്ടുള്ള പോരാട്ടത്തിന് മുതിർന്നില്ലെങ്കിലും ഇസ്രയേലിനെയും അമേരിക്കയെയും സൗദി അറേബ്യയെയും വെല്ലുവിളിക്കാൻ ഖമനയിക്ക് സാധിച്ചു.

Content Highlights: Reza Pahlavi, son of former Iranian Shah Mohammad Reza Pahlavi, thanked the United States for its recent military action against Iran. In a post on X, he said the time for liberation is approaching and that the brave people of Iran have paid a heavy price for freedom.

To advertise here,contact us