'പരമാധികാരത്തിന്റെ ലംഘനം, അടിസ്ഥാന മാനദണ്ഡങ്ങളെ ചവിട്ടിമെതിച്ചു'; ഖമനയിയുടെ കൊലപാതകത്തിൽ ചൈന

സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള സംയുക്ത ശ്രമം നടത്താൻ തങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും ചൈന

ബെയ്ജിങ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിൽ അനുശോചനം രേഖപ്പെടുത്തി ചൈന. കൊലപാതകം ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും ഗുരുതര ലംഘനമാണ് എന്നും യുഎൻ ചാർട്ടറിന്റെ തത്വങ്ങളെയും അന്താരാഷ്ട്ര ബന്ധങ്ങളിലെ അടിസ്ഥാന മാനദണ്ഡങ്ങളെയും ചവിട്ടിമെതിക്കുകയാണ് എന്നും ചൈന പറഞ്ഞു. തങ്ങൾ ഇതിനെ ശക്തമായി ആപലപിക്കുകയാണ്. സൈനിക നടപടികൾ ഉടൻ നിർത്തണം. സംഘർഷാവസ്ഥ കൂടുതൽ വഷളാക്കരുത്. പശ്ചിമേഷ്യയിലും ലോകത്തും സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള സംയുക്ത ശ്രമം നടത്താൻ തങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും ചൈന അറിയിച്ചു.

ഖമയനിയുടെ കൊലപാതകത്തിൽ റഷ്യയും അനുശോചനവുമായി രംഗത്തെത്തിയിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് അയച്ച കത്തിലാണ് പുടിൻ അനുശോചനം അറിയിച്ചത്. ഖമനയിയുടേത് നിന്ദ്യമായ കൊലപാതകമാണെന്നും എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മര്യാദകളെയും ലംഘിച്ച സംഭവമാണെന്നുമാണ് പുടിൻ പ്രതികരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായി റഷ്യയിൽ ഖമനയി ഓർക്കപ്പെടുമെന്നും പുടിൻ കൂട്ടിച്ചേർത്തു. ഖമനയിയുടെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും തന്റെ സഹതാപവും പിന്തുണയും അറിയിക്കുന്നുവെന്നും പുടിൻ വ്യക്തമാക്കി.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് നേരത്തെ ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ചാണ് ഖമനയി കൊല്ലപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമണം ആരംഭിച്ചതിൻ്റെ ആദ്യമണിക്കൂറിൽ തന്നെ ഖമനേയിയെ വധിച്ചുവെന്നും ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖമനയിയുടെ കൊട്ടാരം തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം, ഖമനയിയെ വധിക്കാൻ യുഎസ് ഇസ്രയേൽ സഖ്യത്തിന് വേണ്ടിവന്നത് മാസങ്ങളുടെ തയ്യാറെടുപ്പാണ് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സിഐഎ മാസങ്ങളോളം ഖമനയിയെ നിരീക്ഷിക്കുകയും ഖമനയിയുടെ ഓരോ നീക്കങ്ങളും മനസിലാക്കുകയും ചെയ്തുവെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൃത്യമായ വിവരങ്ങളാണ് സിഐഎക്ക് ലഭിച്ചുകൊണ്ടിരുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഖമനയി ഫെബ്രുവരി 28ന് ഇറാനിലെ പ്രധാനപ്പെട്ട നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സിഐഎക്ക് വിവരം ലഭിച്ചു. ഉപദേശകരും സൈനിക മേധാവികളും അടക്കം ആ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നും വിവരം ലഭിച്ചു ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരു രാജ്യങ്ങളും പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരുന്നത്.

എന്നാൽ പൊടുന്നനെയാണ് പദ്ധതിയിൽ മാറ്റം വന്നത്. ശനിയാഴ്ച വൈകുന്നേരം നിശ്ചയിച്ച കൂടിക്കാഴ്ച അന്ന് കാലത്തേയ്ക്ക് മാറ്റി. ഖമനയി കൂടിക്കാഴ്ചയ്ക്കുണ്ടാകുമെന്നും വിവരം കിട്ടി. ഇതറിഞ്ഞ യുഎസും ഇസ്രയേലും ആക്രമണം നേരത്തേയാക്കുകയായിരുന്നു. നിർണായകമായ ആ ആക്രമണത്തിൽ ഖമനയി കൊല്ലപ്പെടുകയും ചെയ്‌തു.

ഇസ്രയേൽ സമയം കാലത്ത് ആറ് മണിയോടെയാണ് ദൗത്യം ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്. ലോങ്ങ് റേഞ്ച് മിസൈലുകൾ അടക്കമുള്ള യുദ്ധവിമാനങ്ങൾ ഇസ്രയേലിൽ നിന്ന് പറന്നുപൊങ്ങി. ഇറാൻ സമയം 9.40ന് ഖമനയിയുടെ കൊട്ടാരത്തിൽ ഇസ്രയേൽ യുദ്ധവിമാനം ബോംബുകൾ വർഷിച്ചു. ഇറാന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച ആക്രമണമായിരുന്നു നടന്നതെന്നും ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: China has expressed condolences over the reported assassination of Iran’s Supreme Leader Ayatollah Ali Khamenei. In its official response, China described the killing as a serious violation of Iran’s sovereignty and security. Beijing stated that the incident trampled upon the principles of the UN Charter and fundamental norms governing international relations, amid escalating geopolitical tensions in the region.

To advertise here,contact us