മോസ്കോ: പാകിസ്താനിലെ ഇസ്ലാമാബാദിൽ ഷിയാ പള്ളിയിലുണ്ടായ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. അക്രമത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച പുടിൻ ഭീകരവാദത്തിനെതിരെ പോരാടുന്ന പാകിസ്താന് പിന്തുണയും വാഗ്ദാനം ചെയ്തു. പാകിസ്താൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനും അയച്ച സന്ദേശങ്ങളിൽ പുടിൻ തൻ്റെ അനുശോചനം പങ്കുവെക്കുകയും ആക്രമണത്തിൻ്റെ ഇരകളോടും രാഷ്ട്രത്തോടുമുള്ള ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.
ഒരു മതചടങ്ങിനിടെ ആളുകളെ കൊലപ്പെടുത്തുന്നത് ഭീകരവാദത്തിൻ്റെ ക്രൂരവും മനുഷത്വരഹിതവുമായ സ്വഭാവത്തിൻ്റെ തെളിവാണെന്നാണ് പുടിൻ പറഞ്ഞത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തന്റെ ആത്മാർഥമായ അനുതാപവും പിന്തുണയും പുടിൻ അറിയിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിലും സുരക്ഷയിലും പാകിസ്താനുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള റഷ്യയുടെ സന്നദ്ധതയും പുടിൻ സൂചിപ്പിച്ചു. ഇന്ത്യ-യു.എസ്. വ്യാപാരക്കരാറിന് ധാരണയാകുകയും റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന് യു.എസ്. പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാകിസ്താന് റഷ്യ പിന്തുണ പ്രഖ്യാപിച്ചത്.
Content Highlights: Russian President Vladimir Putin strongly condemned the bombing of a Shia mosque in Islamabad, Pakistan