അമേരിക്ക സന്ദർശിക്കണമെങ്കിൽ ഇനി ബംഗ്ലാദേശികൾ 15,000 ഡോളർ ബോണ്ട് നൽകണം; വീസ വ്യവസ്ഥകൾ കടുപ്പിച്ച്‌ അമേരിക്ക

വീസയുടെ വ്യവസ്ഥകൾ പാലിച്ച് കൃത്യസമയത്ത് രാജ്യം വിടുന്നവർക്ക് ബോണ്ട് തുക തിരികെ ലഭിക്കും. വീസ വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ പണം കണ്ടുകെട്ടും

ന്യൂഡൽഹി: അമേരിക്ക സന്ദർശിക്കണമെങ്കിൽ ബംഗ്ലാദേശികൾക്ക് ഇനി 15,000 ഡോളർ ബോണ്ട് നൽകണം. ജനുവരി 21 മുതൽ B1/B2 വീസക്ക് അപേക്ഷിക്കുന്നവർക്കാണ് പുതിയ നിബന്ധന ബാധകമാകുക. അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഈ നിയമം കൊണ്ടുവരുന്നത്. ധാക്കയിലെ യുഎസ് എംബസിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്.

വീസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ അനധികൃതമായി തങ്ങുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിലെ അപേക്ഷകരെ ലക്ഷ്യമിട്ട് വീസ ബോണ്ട് നടപ്പിലാക്കുമെന്ന് അമേരിക്ക നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ എത്ര തുക, ഏതൊക്കെ രാജ്യങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ഔദ്യോഗികമായി അമേരിക്ക വെളിപ്പെടുത്തിയിരുന്നില്ല. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട വ്യക്തമായ പ്രഖ്യാപനം അമേരിക്ക നടത്തിയത്.

പുതിയ നിയന്ത്രണം ആദ്യം ബാധകമാകുക ബംഗ്ലാദേശികൾക്കാണ്. ജനുവരി 21 മുതൽ ബിസിനസ് ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ബംഗ്ലാദേശികൾ നൽകുന്ന വീസ അപേക്ഷകൾക്കാണ് 15,000 ഡോളർ ബോണ്ട് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 21ന് മുൻപ് കൈപ്പറ്റിയ B1/B2 വീസകൾക്ക് ബോണ്ട് ബാധകമായിരിക്കില്ല എന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. വീസയുടെ വ്യവസ്ഥകൾ പാലിച്ച് കൃത്യസമയത്ത് രാജ്യം വിടുന്നവർക്ക് ഈ ബോണ്ട് തുക തിരികെ ലഭിക്കും. എന്നാൽ, വീസ വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ പണം കണ്ടുകെട്ടും. അതേസമയം വീസ അഭിമുഖത്തിന് മുൻപ് ബോണ്ട് തുക അടക്കേണ്ടതില്ലെന്നും അങ്ങനെ അടച്ചാൽ പണം റീഫണ്ട് ചെയ്യില്ലെന്നും അമേരിക്ക വ്യക്തമാക്കി.

ഡോണാൾഡ് ട്രംപ് അധികാരത്തിൽ എത്തിയപ്പോൾ തന്നെ അനധികൃത കുടിയേറ്റം തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. B1/B2 വീസകൾ വഴി അമേരിക്കയിൽ എത്തുകയും എന്നാൽ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാതിരിക്കുകയും അതുവഴി രാജ്യത്ത് അനധികൃത കുടിയേറ്റം നടക്കുകയും ചെയ്യുന്നതുകൊണ്ടാണ് അമേരിക്കയുടെ ഈ നടപടി. ബംഗ്ലാദേശ് ഉൾപ്പെടെ 38 രാജ്യങ്ങൾക്ക് അമേരിക്ക വീസ ബോണ്ട് ഏർപ്പെടുത്തും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Content Highlights: US aspirants in Bangladesh will have to pay a bond of up to 15,000 dollar to apply for entry into the country. The latest move by the President Donald Trump administration will come into effect from January 21.

To advertise here,contact us