വാഷിങ്ടൺ: യൂറോപ്യൻ രാജ്യങ്ങൾക്കു മേല് പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു ഉടമ്പടിയിലെത്തുന്നതുവരെ ഈ തീരുവ നിലനിൽക്കുമെന്നാണ് പ്രഖ്യാപനം. ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തോട് യൂറോപ്യൻ രാജ്യങ്ങൾ കാണിക്കുന്ന എതിർപ്പാണ് അധിക തീരുവയ്ക്ക് കാരണം. ഇതിനെതിരെ ഗ്രീൻലൻഡിലും ഡെൻമാർക്കിലും വ്യാപക പ്രതിഷേധം തുങ്ങിയിട്ടുണ്ട്. ഗ്രീൻലാൻഡ് താരിഫില് നിലപാട് കടുപ്പിച്ചത് തെറ്റായ നീക്കമെന്ന് ബ്രിട്ടണ് കുറ്റപെടുത്തി. അംഗീകരിക്കാനാവില്ലെന്നാണ് ഫ്രാൻസിൻ്റെ പ്രതികരണം.
ഫെബ്രുവരി ഒന്നുമുതല് 10 ശതമാനം തീരുവ വർദ്ധിപ്പിക്കുമെന്നാണ് ട്രംപ് ഭരണകൂടമറിയിച്ചത്. ജൂണ് ഒന്നുമുതല് താരിഫ് 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് പറഞ്ഞു. നിലവിൽ ഡെൻമാർക്ക് , നോർവേ, സ്വീഡൻ , ഫ്രാൻസ് , ജർമ്മനി , യുകെ , നെതർലാൻഡ്സ് , ഫിൻലാൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്രീൻലാൻഡ് വിഷയത്തിൽ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ ഇനിയും താരിഫ് ഉയർത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് അനുകൂലമായ ഡീൽ ഉണ്ടാകുന്നത് വരെ അമേരിക്കയുടെ തീരുമാനങ്ങൾ ഇനിയും കടിപ്പിക്കുമെന്നാണ് ട്രംപിൻ്റെ നിലപാട്. ഗ്രീൻലാൻഡിൽ അമേരിക്കയ്ക്ക് പൂർണ്ണാവകാശം വേണം, അതിൽ കുറവൊന്നും അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.റഷ്യൻ ഓയിൽ തീരുവകൾ, ബ്രിക്സ് തീരുവകൾ, ഇറാൻ തീരുവകൾക്കൊപ്പം ഗ്രീൻലാൻഡ് തീരുവകൾ കൂടി ചേർക്കുകയാണെന്ന് ട്രംപ് പറഞ്ഞു. 'തീരുവ രാജാവ്' എന്ന് ട്രംപ് സ്വയം വിശേഷിപ്പിക്കുകയും ചെയ്തു.
ഗ്രീൻലാൻഡ് എന്ന തന്ത്രപ്രധാന മേഖല റഷ്യയോ ചൈനയോ പിടിച്ചെടുക്കാൻ സമ്മതിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഗ്രീൻലാൻഡ് കൈയ്യേറാൻ റഷ്യയോ ചൈനയോ ശ്രമിച്ചാൽ തിരിച്ചടിക്കാൻ ഡെൻമാർക്കിനാവില്ലെന്നും എന്നാൽ അമേരിക്കയ്ക്ക് കഴിയുമെന്നും ട്രംപ് പ്രതികരിച്ചു. ഗ്രീൻലാൻഡ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാഗമാകുന്നത്തോടു കൂടെ നാറ്റോ കൂടുതൽ ശക്തി നേടുമെന്നും നേരത്തെ തന്നെ ട്രംപ് ചൂണ്ടികാട്ടിയിരുന്നു. ‘ദേശീയ സുരക്ഷയ്ക്കായി അമേരിക്കയ്ക്ക് ഗ്രീന്ലാന്ഡ് ആവശ്യമാണെന്ന നിലപാടിൽ ട്രംപ് ഉറച്ച് നിൽക്കുകയാണ്.Content Highlights: Donald Trump has raised the Greenland tariff, triggering strong reactions internationally. France and Britain opposed the move, while protests erupted in Greenland and Denmark.