തെഹ്റാന്: ഇറാനിലെ ദേശീയ പ്രക്ഷോഭത്തില് മരണസംഖ്യ 3000 കടന്നതായി വലതുപക്ഷ ആക്ടിവിസ്റ്റ് ഗ്രൂപ്പ്. 2885 പ്രക്ഷോഭക്കാര് ഉള്പ്പെടെ ഇറാനില് 3090 മരിച്ചെന്ന് സ്ഥിരീകരിച്ചതായി അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന എച്ച്ആര്എന്എ ഗ്രൂപ്പ് പറഞ്ഞു. ഇറാന് നാല് ദിവസമായി ഔദ്യോഗിക അറിയിപ്പുകള് ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
അതേസമയം നഗരത്തില് ഉടനീളം ഡ്രോണുകള് പറക്കുന്നുണ്ടെന്നും എന്നാല് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള് രണ്ട് ദിവസങ്ങളില് കാണുന്നില്ലെന്നും ഇറാനിലെ സാധാരണക്കാര് വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. തെരുവുകള് ശാന്തമാണെന്നുള്ള റിപ്പോര്ട്ടുകളും വരുന്നുണ്ട്. ഇന്റര്നെറ്റ് നിരോധനം പൂര്ണമായും പിന്വലിച്ചില്ലെങ്കിലും നേരിയ തോതിലുള്ള മാറ്റം വരുത്തിയിട്ടുണ്ട്.
അതേസമയം 800ലധികം പ്രക്ഷോഭകരുടെ വധശിക്ഷ റദ്ദാക്കിയ ഇറാന് ഭരണകൂടത്തെ അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് പ്രശംസിച്ചു. ട്രൂത്ത് സോഷ്യലിലൂടെ ഇറാന് നേതൃത്വത്തിന് ട്രംപ് നന്ദി അറിയിച്ചു. '800ലധികം വധശിക്ഷകള് റദ്ദാക്കിയ ഇറാന് നേതൃത്വത്തിന്റെ നടപടിയെ ഞാന് വളരെയധികം ബഹുമാനിക്കുന്നു. ഇറാന് നേതൃത്വത്തിന് നന്ദി', ട്രംപ് കുറിച്ചു.
വധശിക്ഷ നടപ്പാക്കിയാല് ഗുരുതര പ്രത്യാഘാതങ്ങള് ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനില് ഡിസംബര് 28നാണ് പ്രതിഷേധങ്ങള് ആരംഭിച്ചത്. ഒടുവില് വലിയ രീതിയിലുള്ള ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി ഇത് മാറുകയായിരുന്നു.
Content Highlights: death toll in Iran has reportedly risen to 3,000 amid widespread unrest and violent crackdowns