അമേരിക്കയുടെ നിലപാടിൽ അടിസ്ഥാനപരമായ വിയോജിപ്പുണ്ട് ; ഡെൻമാർക്ക് വിദേശകാര്യമന്ത്രി

ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയുമായി അടിസ്ഥാനപരമായ വിയോജിപ്പ് തുടരുകയാണെന്ന് ഡെൻമാർക്ക് വിദേശകാര്യമന്ത്രി ലാർസ് ലോക്കെ റാസ്മുസൈൻ പ്രതികരിച്ചു

വാഷിങ്ടണ്‍: ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയുമായി അടിസ്ഥാനപരമായ വിയോജിപ്പ് തുടരുകയാണെന്ന് ഡെൻമാർക്ക് വിദേശകാര്യമന്ത്രി ലാർസ് ലോക്കെ റാസ്മുസൈൻ പ്രതികരിച്ചു. വൈറ്റ് ഹൗസിൽ ഇന്നലെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഡെൻമാർക്ക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

ഗ്രീൻലൻഡിൽ അമേരിക്ക കൂടുതൽ സൈനിക താവളങ്ങൾ നിർമ്മിക്കുന്നത് ചർച്ച ചെയ്യാൻ തയാറാണെന്നും റാസ്മുസൈൻ പറഞ്ഞു. എന്നാൽ ഗ്രീൻലാൻഡ് കീഴടക്കുമെന്ന് അമേരിക്ക പറയുന്നത് അം​ഗീകരിക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇതിനിടെ ഗ്രീൻലാൻഡ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസ്താവന ചർച്ചകൾക്കുശേഷവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. റഷ്യയോ ചൈനയോ ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സമ്മതിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഗ്രീൻലാൻഡ് കൈയ്യേറാൻ റഷ്യയോ ചൈനയോ ശ്രമിച്ചാൽ തിരിച്ചടിക്കാൻ ‍ഡെൻമാർക്കിനാവില്ലെന്നും എന്നാൽ അമേരിക്കയ്ക്ക് കഴിയുമെന്നും ട്രംപ് പ്രതികരിച്ചു.

ഗ്രീൻലാൻഡ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാ​ഗമാകുന്നത്തോടു കൂടെ നാറ്റോ കൂടുതൽ ശക്തമായി മാറുമെന്നും ട്രംപ് ചൂണ്ടികാട്ടി. ‘ദേശീയ സുരക്ഷയ്‌ക്കായി അമേരിക്കയ്‌ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണ്. നമ്മള്‍ നിര്‍മ്മിക്കുന്ന ഗോള്‍ഡന്‍ ഡോമിന് അത് അത്യന്താപേക്ഷിതമാണ്. അത് ലഭിക്കാൻ നാറ്റോ നമുക്ക് വഴിയൊരുക്കണമെന്നും' ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. യുഎസ് വികസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച മള്‍ട്ടി-ലെയര്‍ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഗോള്‍ഡന്‍ ഡോം.

Content Highlights: Denmark’s Foreign Minister has said that the country has a fundamental disagreement with the position adopted by the United States.

To advertise here,contact us