വാഷിങ്ടണ്: റഷ്യയില്നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്ത്തുമെന്നാവര്ത്തിച്ച് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. കഴിഞ്ഞ ദിവസം യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര് സെലന്സ്കിയുമായുളള ചര്ച്ചയ്ക്കിടെയാണ് ട്രംപ് വീണ്ടും അവകാശ വാദം ഉന്നയിച്ചത്. റഷ്യയില്നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം ഉടന് അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സെലന്സ്കി വളരെ ശക്തനായ നേതാവാണെന്ന് ട്രംപ് പ്രശംസിച്ചു. എന്നാല് യുക്രെയ്ന് ടോമാഹോക് മിസൈലുകള് നല്കില്ലെന്ന തീരുമാനത്തില് തന്നെയാണ് അമേരിക്ക. അതേസമയം യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആക്കം കൂട്ടലാണ് ട്രംപിന്റെ പ്രസ്താവനയെന്ന് സെലന്സ്കി പ്രതികരിച്ചു. 'പുടിന് തയ്യാറല്ലെന്നാണ് ഞങ്ങള് മനസിലാക്കിയത്. എന്നാല് നിങ്ങളുടെ സഹായത്തോടെ യുദ്ധം അവസാനിപ്പിക്കാന് സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം', സെലന്സ്കി ട്രംപിനോട് പറഞ്ഞു.
സെലന്സ്കിയുമായുള്ള കൂടിക്കാഴ്ച്ക്ക് മുന്നോടിയായി ട്രംപ് റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിനുമായി ഫോണില് സംസാരിച്ചിരുന്നുവെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ട്രംപ് അധികാരത്തിലെത്തിയ ശേഷം മൂന്നാംതവണയാണ് സെലന്സ്കി അമേരിക്കയിലെത്തുന്നത്.
നേരത്തെ ഇന്ത്യ റഷ്യയില് നിന്ന് എണ്ണം വാങ്ങില്ലെന്ന് തന്നോട് ഫോണ് സംഭാഷണത്തില് പറഞ്ഞെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ബുധനാഴ്ച വൈറ്റ് ഹൗസില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കവേയായിരുന്നു അവകാശവാദം. എന്നാല് ഈ വാദം കേന്ദ്രം തള്ളിയിരുന്നു. ട്രംപ് അവകാശപ്പെടുന്നതുപോലെ മോദി അങ്ങനയൊരു ടെലഫോണ് സംഭാഷണം നടത്തിയതായി അറിയില്ലെന്നായിരുന്നു കേന്ദ്ര വിദേശകാര്യ വക്താവ് രണ്ദീര് ജയ്സ്വാള് വ്യക്തമാക്കിയത്.
'ഇന്ത്യയെ സംബന്ധിച്ച് ഇവിടുത്തെ ജനങ്ങള്ക്ക് ഏറ്റവും കുറഞ്ഞ വിലയില് എണ്ണ ലഭ്യമാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനാല് അന്താരാഷ്ട്ര തലത്തില് എണ്ണ ഇറക്കുമതി ചെയ്യുമ്പോള് ഓരോ രാജ്യങ്ങളിലെയും വിലയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില് തീരുമാനമെടുക്കുക. കുറഞ്ഞ വിലയ്ക്ക് എവിടെ നിന്നാണോ എണ്ണ ലഭിക്കുന്നത് ആ രാജ്യങ്ങളില് നിന്ന് എണ്ണ വാങ്ങുക എന്നതാണ് ഇന്ത്യയുടെ നയപരമായ തീരുമാനം. ഈ വിഷയത്തില് ഏതെങ്കിലും വിദേശ രാജ്യം ഇടപെടേണ്ട കാര്യമില്ല' വിദേശകാര്യ മന്ത്രാലയം വാര്ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
Content Highlights: Trump agains says India never buy oil from Russia