ജൂതരുടെ പുണ്യദിനത്തില്‍ സിനഗോഗിന് പുറത്ത് ആക്രണം; മാഞ്ചസ്റ്ററിൽ ആശങ്ക, കൊലപാതകിയെ വെടിവെച്ച് കൊന്ന് പൊലീസ്

അമിതവേഗതയിൽ ജനക്കൂട്ടത്തിലേക്ക് കാറോടിച്ച് എത്തിയ അക്രമി, കാറിൽനിന്നിറങ്ങി ആളുകളെ കുത്തുകയായിരുന്നു

മാഞ്ചസ്റ്റർ: യുകെയിലെ മാഞ്ചസ്റ്ററിൽ ജൂത സിനഗോഗിന് പുറത്തുണ്ടായ ആക്രമണത്തിൽ കൊലപാതകി ഉള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് പേര്‍ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. സിനഗോഗിന് പുറത്തുണ്ടായിരുന്ന ആളുകൾക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ശേഷമാണ് അക്രമി ആളുകളെ കത്തികൊണ്ട് കുത്തിയത്. മിഡിൽടൺ റോഡിലെ ഹീബ്രു കോൺഗ്രിഷേഷൻ സിനഗോഗിലാണ് ആക്രമണമുണ്ടായത്.

രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പ്രതിയെ സംഭവസ്ഥലത്തു തന്നെ പൊലീസ് വെടിവെച്ചു കൊന്നതായി അധികൃതർ അറിയിച്ചു. അക്രമി അമിതവേഗതയിൽ ജനക്കൂട്ടത്തിലേക്ക് കാറോടിച്ച് എത്തുകയും തുടർന്ന് കാറിൽനിന്നിറങ്ങി ആളുകളെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവർക്ക് പ്രാഥമിക ശ്രുശൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റിയതായി മാഞ്ചസ്റ്റർ പൊലീസ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വിഷയം ഗൗരവകരമായാണ് കാണുന്നതെന്നും പൊലീസ് പറഞ്ഞു. സിനഗോഗിനും പരിസരത്തും കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ആക്രമണത്തെ അദ്ദേഹം അപലപിച്ചു. യൂറോപ്യൻ രാഷ്ട്രീയ കക്ഷികളുടെ യോഗത്തിനായി ഡെന്മാർക്കിലെത്തിയ അദ്ദേഹം ഉടൻ മാഞ്ചസ്റ്ററിലേക്ക് തിരിക്കും. ജൂത കലണ്ടർ പ്രകാരം വിശുദ്ധദിനമായി കണക്കാക്കുന്ന യോം കിപ്പൂര്‍ ദിനത്തില്‍ തന്നെ ഇത്തരമൊരു ആക്രമണം സംഭവിച്ചത് ഭയപ്പെടുത്തുന്നതാണെന്നും ആക്രമണത്തിനിരയായവർക്കൊപ്പമാണ് താനെന്നും സ്റ്റാർമർ പറഞ്ഞു. രാജ്യത്തെ ജൂത സമൂഹത്തെ സംരക്ഷിക്കുന്നതിനായി എല്ലാവിധകാര്യങ്ങളും ചെയ്യുമെന്ന് അദ്ദേഹം പ്രതികരിച്ചു.

Content Highlights: Manchester synagogue attack, Two dead, suspect also believed to have been killed

To advertise here,contact us