ഗാസ സംഘർഷം അവസാനിപ്പിച്ചാൽ മാത്രമേ ട്രംപിന് നൊബേൽ നേടാനാകൂ: ഇമ്മാനുവൽ മാക്രോൺ

ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്നും മാക്രോൺ കൂട്ടിച്ചേർത്തു

പാരിസ്: താൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് നൊബേൽ സമ്മാനത്തിന് അർഹനാണെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഗാസയെച്ചൊല്ലി ഇസ്രയേലും പലസ്തീനും തമ്മിൽ നടക്കുന്ന സംഘർഷം അവസാനിപ്പിച്ചാൽ മാത്രമേ ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടാൻ കഴിയൂ എന്ന് മാക്രോൺ പറഞ്ഞു. വാർത്താ ചാനലായ ബിഎഫ്എംടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മാക്രോൺ ഇക്കാര്യം പറഞ്ഞത്.

'ഇക്കാര്യത്തിൽ നിലവിലെ സാഹചര്യമനുസരിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുന്ന ഒരേയൊരു വ്യക്തി മാത്രമേയുള്ളൂ, അത് അമേരിക്കൻ പ്രസിഡന്റാണ്', അദ്ദേഹം പറഞ്ഞു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

ഇന്ത്യ-പാക് സംഘർഷം അവസാനിക്കാൻ കാരണക്കാരൻ താനാണെന്നും ട്രംപ് ആവർത്തിച്ചിരുന്നു.'നോക്കൂ…ഇന്ത്യ–പാകിസ്താൻ, തായ്‌ലൻഡ്–കംബോഡിയ, അർമീനിയ–അസർബൈജാൻ, കൊസവോ – സെർബിയ, ഇസ്രയേൽ–ഇറാൻ, ഈജിപ്ത്–ഇത്യോപ്യ, റുവാണ്ട–കോംഗോ… ഈ യുദ്ധങ്ങളെല്ലാം നിർത്തിച്ചത് നമ്മളാണ്. ഇവയോരോന്നിനും എനിക്ക് സമാധാന നൊബേൽ കിട്ടേണ്ടതാണ്', ട്രംപ് പറഞ്ഞു. പുടിനുമായി നല്ല ബന്ധമുള്ളതിനാൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുക എളുപ്പമെന്ന് കരുതിയെങ്കിലും പുടിൻ തന്നെ നിരാശപ്പെടുത്തിയെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.

അതേസമയം, പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിലാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപനം നടത്തിയത്. ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏക പരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോൺ പറഞ്ഞിരുന്നു. ന്യൂയോർക്കിൽ നടന്ന ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിലായിരുന്നു മാക്രോണിന്റെ നിർണായക പ്രഖ്യാപനവും പ്രസംഗവും.

Content Highlights: French President Macron says Trump can only win Nobel if Gaza conflict stopped

To advertise here,contact us