ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി സ്വന്തമാക്കി ഒറാക്കിൾ സഹ സ്ഥാപകൻ ലാറി എലിസൺ. സ്പേസ് എക്സ്, ടെസ്ല എന്നിവയുടെ സ്ഥാപകനായ ഇലോൺ മസ്കിനെ മറികടന്നാണ് ലാറിയുടെ മുന്നേറ്റം. കഴിഞ്ഞ ദിവസം ഒറാക്കിളിന്റെ വരുമാന റിപ്പോർട്ട് വന്നതോടെ ലാറി എലിസണിന്റെ സമ്പത്ത് 101 ബില്യൺ ഡോളർ വർധിച്ച് 393 ബില്യൺ ഡോളറായി. മസ്കിന്റെ 385 ബില്യൺ ഡോളറിനെയാണ് ഇതോടെ ലാറി മറികടന്നത്.
ഒറ്റദിനം കൊണ്ട് വലിയ നേട്ടമാണ് ലാറിക്കുണ്ടായതെന്നും അദ്ദേഹത്തിന്റെ സമ്പത്തിലുണ്ടായ വർധന ഇതുവരെ രേഖപ്പെടുത്തിയൽവെച്ച് ഒരുദിവസം കൊണ്ട് ഉണ്ടായ ഏറ്റവും വലിയ വർധനവാണെന്നും ബ്ലൂംബെർഗിന്റെ കണക്കുകള് പറയുന്നു. 81 കാരനായ എലിസൺ ഒറാക്കിൾ ചെയർമാനും ചീഫ് ടെക്നോളജി ഓഫീസറുമാണ്. ബുധനാഴ്ച രാവിലെ മാത്രം ഓറാക്കിൾ ഓഹരികൾ 41 ശതമാനമാണ് ഉയർന്നത്. ഒറ്റദിനംകൊണ്ട് കമ്പനി നേടുന്ന ഏറ്റവും വലിയ ഓഹരി മുന്നേറ്റമാണിത്. ഒറാക്കിളിന്റെ ഏറ്റവും വലിയ വ്യകിതഗത ഓഹരി ഉടമയാണ് എലിസൺ. ഓഹരികളുടെ വില വർധിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി അദ്ദേഹത്തിന് നിലനിർത്താനാകും.
ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന നിലയിൽ മസ്ക് സൂക്ഷിച്ച ആധിപത്യമാണ് ഇതോടെ അവസാനിച്ചത്. 2021 ലാണ് മസ്ക് ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി നേടിയത്. ഇതിനിടെ രണ്ടുതവണ മസ്കിന് ഈ പദവി നഷ്ടമായിരുന്നെങ്കിലും അദ്ദേഹം അത് തിരിച്ചു പിടിച്ചിരുന്നു.
Content Highlights: Oracle's Larry Ellison surpasses Elon Musk to become world's richest person