പാരിസ്: ഫ്രാൻസിലെ പാരിസിൽ മുസ്ലിം പള്ളികൾക്ക് പുറത്ത് പന്നിയുടെ തല കണ്ടെത്തിയതായി റിപ്പോർട്ട്. മുസ്ലിംകളെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളിയോട് ചേർന്ന് പന്നിയുടെ തല ഉപേക്ഷിച്ചതെന്നാണ് അധികൃതർ പറയുന്നത്. പാരിസിലെ നാല് പള്ളികളിലും ഉൾപ്രദേശങ്ങളിലെ അഞ്ച് പള്ളികളിലുമാണ് പന്നിയുടെ തല കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുസ്ലിം മത വിശ്വാസ പ്രകാരം പന്നികളെ അശുദ്ധമായാണ് കണക്കാക്കുന്നത്.
കണ്ടെത്തിയ പന്നിയുടെ തലയിൽ അഞ്ചെണ്ണത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെ പേര് നീല നിറത്തിൽ എഴുതിയതായാണ് പുറത്തുവരുന്ന വിവരം. മാക്രോണിന്റെ പലസ്തീൻ അനുകൂല നിലപാടും മുസ്ലിം ജനത അദ്ദേഹത്തിന് നല്കുന്ന പിന്തുണയിലുള്ള അമർഷവുമായേക്കാം ഇതിന് പിന്നിലെന്നാണ് സൂചന. വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പ്രവൃത്തികളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പാരിസ് പൊലീസ് മേധാവി ലോറന്റ് ന്യൂനെസ് പറഞ്ഞു. 'നിന്ദ്യമായ' പ്രവർത്തി എന്നാണ് അദ്ദേഹം ഇക്കാര്യത്തെ വിളിച്ചത്. വിഷയത്തിൽ അതീവ ജാഗ്രത പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മുസ്ലിം സമൂഹമുള്ളത് ഫ്രാൻസിലാണ്. ഇസ്രായേലിനും അമേരിക്കയ്ക്കും പുറത്തുള്ള ഏറ്റവും വലിയ ജൂത ജനസംഖ്യയും ഫ്രാൻസിലാണ്.
അതേസമയം സംഭവത്തെ ഫ്രാൻസിലെ രാഷ്ട്രീയ സാമുദായിക നേതാക്കൾ അപലപിച്ചു. സംഭവത്തിന് ശേഷം മുസ്ലിം സമുദായ പ്രതിനിധികളുമായി മാക്രോൺ കൂടിക്കാഴ്ച നടത്തുകയും പിന്തുണ അറിയിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
വംശീയമായ ഇത്തരം വിദ്വേഷ നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പാരിസ് മേയർ ആനി ഹിഡാൽഗോ പറഞ്ഞു. 2024ൽ പിരിസിലെ വടക്കൻ മേഖലയിൽ മുസ്ലിം അസോസിയേഷൻ കെട്ടിടത്തിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പന്നിയുടെ തല കണ്ടെത്തിയിരുന്നു.
Content Highlights: pigs' heads were found outside several mosques in the Paris region