ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ആക്രമണം നടത്താനുള്ള തീരുമാനം തന്റേതായിരുന്നില്ലെന്നും ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റേത് ആയിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്തിലാണ് ട്രംപിന്റെ പ്രതികരണം.
ഹമാസിന് നേരെ ഇസ്രയേൽ ആക്രമണം നടത്തുകയാണൈന്ന് യുഎസ് സൈന്യം ട്രംപ് ഭരണകൂടത്തെ അറിയിച്ചിരുന്നു. നിർഭാഗ്യവശാൽ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലായിരുന്നു ആക്രമണം. ആക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹുവിന്റേതാണ്, എന്റേതല്ല. സമാധാനം പുനഃസ്ഥാപിക്കാൻ ഞങ്ങൾക്കൊപ്പം പ്രയത്നിക്കുന്ന ഒരു പരമാധികാര രാജ്യവും ഞങ്ങളോട് അടുത്തുനിൽക്കുന്ന സഖ്യകക്ഷിയുമാണ് ഖത്തർ. അവിടെ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റേയോ യുഎസിന്റേയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ലെന്ന് ട്രംപ് കുറിച്ചു.
ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടിൽനിന്നും നേട്ടംകൊയ്യുന്ന ഹമാസിനെ തുടച്ചുനീക്കുക എന്നത് ഉചിതമായ ലക്ഷ്യമാണ്. ഇസ്രയേൽ ആക്രമണത്തെകുറിച്ച് ഖത്തറിനെ അറിയിക്കാൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം അത് നിറവേറ്റിയെങ്കിലും നിർഭാഗ്യവശാൽ ആക്രമണം തടയാൻ കഴിയാത്ത വിധം വൈകിപ്പോയിരുന്നുവെന്നും ട്രംപ് ട്രൂത്തിൽ പ്രതികരിച്ചു.
എല്ലാ ബന്ദികളെയും മൃതദേഹങ്ങളും വിട്ടുകിട്ടണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ആക്രമണത്തിന് പിന്നാലെ നെതന്യാഹുവുമായി സംസാരിച്ചിരുന്നു. സമാധാനം പുലർത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ വാക്കുകൾ ഖത്തർ വിശ്വാസത്തിലെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നേരത്തെ അറിയിച്ചുവെന്ന അമേരിക്കന് നിലപാട് ഖത്തര് തള്ളി.
അതേസമയം ഖത്തർ അമീറുമായി ട്രംപ് ഫോണിൽ സംസാരിച്ചു. രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതായും ട്രംപ് അറിയിച്ചു. അവരുടെ മണ്ണിൽ ഇത്തരം സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയെന്നും ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാർ അന്തിമമാക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് നിർദേശം നൽകിയെന്നും ട്രംപ് അറിയിച്ചു.
ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിൽ ആറ് മരണം സ്ഥിരീകരിച്ചു. എന്നാൽ മുതിർന്ന നേതാക്കളൊന്നും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചു. ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സുരക്ഷ ശക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിന്റെ പ്രതികരണം.
ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തർ രൂക്ഷമായാണ് പ്രതികരിച്ചത്. താമസസ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് ഖത്തർ വ്യക്തമാക്കിയത്. ഭീരുത്വപൂർണ്ണമായ സമീപനമാണ് ഇസ്രയേലിന്റെ ആക്രമണം എന്നും ഖത്തർ വിമർശിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തിയിരിക്കുന്നതെന്നും ഖത്തർ കുറ്റപ്പെടുത്തി. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന രാജ്യമാണ് ഖത്തർ.
ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായി നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വെടിനിർത്തൽ ചർച്ചകൾക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നായിരുന്നു റിപ്പോർട്ട്. ദോഹയ്ക്ക് സമീപമുള്ള കത്താറയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
Content Highlights: US President Donald Trump says the decision to attack Doha was not his, but that of Israeli President Benjamin Netanyahu