കാനഡയ്‌ക്കെതിരെ ട്രംപ്, പ്രധാനവിഷയങ്ങളിൽ സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തൽ; 35 ശതമാനം തീരുവ ഏർപ്പെടുത്തി

അമേരിക്കയിലെ ക്ഷീരകർഷകരിൽ നിന്ന് കാനഡ അസാധാരണമായ തീരുവകൾ ഈടാക്കുന്നു എന്നും ട്രംപ് കുറ്റപ്പെടുത്തുന്നുണ്ട്

വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപ്. 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ബാധകമാണെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോ​ഗിക കത്ത് ട്രംപ് പുറത്ത് വിട്ടത്. അമേരിക്കയിലേയ്ക്കുള്ള ഫെന്റനൈലിന്റെ ഒഴുക്ക്, അന്യായമായ വ്യാപാര രീതികൾ എന്നിവയാണ് കാനഡയ്‌ക്കെതിരെ ഉയർന്ന തീരുവ ചുമത്തുന്നതിൻ്റെ കാരണമായി ട്രംപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രധാന വിഷയങ്ങളിൽ സഹകരിക്കുന്നതിൽ കാനഡ പരാജയപ്പെട്ടെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. അമേരിക്കയിലെ ക്ഷീര കർഷകരുടെ ഉത്പന്നങ്ങൾക്ക് കാനഡ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയത് വ്യാപാര കമ്മിക്ക് കാരണമാകുമെന്നും ട്രംപ് കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കാനഡയുമായുള്ള വ്യാപാര ബന്ധം അമേരിക്ക തുടരുമെന്ന് അടിവരയിട്ടാണ് ട്രംപിന്റെ കത്ത് ആരംഭിക്കുന്നത്. ഫെന്റനൈൽ അമേരിക്കയിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിൽ കാനഡ പരാജയപ്പെട്ടത് പുതിയ താരിഫ് നയത്തിന് കാരണമായി ട്രംപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 'നിങ്ങൾ ഓർക്കുന്നതുപോലെ, നമ്മുടെ രാജ്യത്തിന്റെ ഫെന്റനൈൽ പ്രതിസന്ധിയെ നേരിടാൻ അമേരിക്ക കാനഡയ്ക്ക് തീരുവ ചുമത്തി, ഇതിന് ഒരു കാരണം, നമ്മുടെ രാജ്യത്തേക്ക് മയക്കുമരുന്ന് ഒഴുകുന്നത് തടയുന്നതിൽ കാനഡ പരാജയപ്പെട്ടതാണ്' എന്നും കത്തിൽ ട്രംപ് പറയുന്നുണ്ട്. കാനഡ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ ശ്രമിച്ചാൽ കടുത്ത നടപടിയെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 'ഏതെങ്കിലും കാരണത്താൽ നിങ്ങൾ നിങ്ങളുടെ താരിഫ് ഉയർത്താൻ തീരുമാനിച്ചാൽ, നിങ്ങൾ എത്ര തുക ഉയർത്താൻ തീരുമാനിക്കുന്നോ അത് ഞങ്ങൾ ഈടാക്കുന്ന 35% ത്തിൽ ചേർക്കും' എന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.

അമേരിക്കയിലെ ക്ഷീരകർഷകരിൽ നിന്ന് കാനഡ അസാധാരണമായ തീരുവകൾ ഈടാക്കുന്നു എന്നും ട്രംപ് കുറ്റപ്പെടുത്തുന്നുണ്ട്. ഇത് മൂലമുണ്ടാകുന്ന വ്യാപാര കമ്മിയെക്കുറിച്ചും ട്രംപ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വ്യാപാരക്കമ്മി നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും ഒരു പ്രധാന ഭീഷണിയാണെന്നായിരുന്നു ട്രംപ് വ്യക്തമാക്കുന്നത്. കനേഡിയൻ കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾ അമേരിക്കയിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചാൽ അവർക്ക് വേഗത്തിലുള്ള റെഗുലേറ്ററി അംഗീകാരങ്ങൾ നൽകാൻ സഹായിക്കുമെന്നും ട്രംപ് കത്തിൽ വ്യക്തമാക്കുന്നുണ്ട്. കനേഡിയിൽ കമ്പനികൾ അമേരിക്കയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചാൽ വേഗത്തിലും പ്രൊഫഷണലായും റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിക്കാൻ ആഴ്ചകൾക്കുള്ളിൽ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ട്രംപ് ഉറപ്പ് നൽകിയിരിക്കുന്നത്.

ജപ്പാൻ, ദക്ഷിണകൊറിയ, ബ്രസീൽ, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന, അൾജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോൾഡോവ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉയർന്ന താരിഫ് നിരക്കുകൾ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുന്ന കത്ത് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു. ബ്രസീലിന് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മേൽ അമേരിക്ക 25 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണൈ, മോൾഡോവ എന്നിവയ്ക്ക് 25 ശതമാനവും ഫിലിപ്പീൻസിന് 20 ശതമാവും തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഈ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവ ഓഗസ്റ്റ് ഒന്നുമുതലായിരിക്കും പ്രാബല്യത്തിൽ വരിക. അമേരിക്കയുമായി പുതിയ വ്യാപാരക്കരാർ ഓഗസ്റ്റ് ഒന്നിന് മുൻപ് ഉണ്ടാക്കിയില്ലെങ്കിൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന് കാണിച്ചായിരുന്നു അമേരിക്ക കത്തയച്ചത്. ലാവോസിനും മ്യാൻമറിനും 40 ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി.

Content Highlights: Trump imposes 35% tariff on Canadian imports starting August 1

To advertise here,contact us