വാഷിംഗ്ടൺ: ബ്രസീൽ ഉൾപ്പെടെ എട്ട് രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ബ്രസീലിന് 50% തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രസീലിന് പുറമേ, അൾജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോൾഡോവ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് അയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകൾ ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണൈ, മോൾഡോവ എന്നിവയ്ക്ക് 25 ശതമാനവും ഫിലിപ്പീൻസിന് 20 ശതമാവും തീരുവയാണ് ചുമത്തിയിരിക്കുന്നത്.
ബ്രസീലിയൻ ഇറക്കുമതിക്ക് ചുമത്തിയിരിക്കുന്ന 50 ശതമാനം തീരുവ ഉൾപ്പെടെ എല്ലാ പുതിയ താരിഫുകളും ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ബ്രസീലിന് മേലുള്ള ട്രംപിന്റെ ഉയർന്ന തീരുവ പ്രഖ്യാപനം രാജ്യത്തിന്റെ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികൾക്കുള്ള പ്രതികാരമാണെന്നാണ് റിപ്പോർട്ട്. കൂടാതെ ബ്രസീലിന് ഏർപ്പെടുത്തിയിരിക്കുന്ന 50% താരിഫ് എല്ലാ മേഖലാ താരിഫുകളിൽ നിന്നും വ്യത്യസ്തമായിരിക്കും എന്നും റിപ്പോർട്ടുണ്ട്. ഏപ്രിൽ മാസത്തിൻ്റെ തുടക്കത്തിൽ ബ്രസീലിന് മേൽ അമേരിക്ക ഏർപ്പെടുത്തിയ 10 ശതമാനം നിരക്കിൽ നിന്നുള്ള വൻതോതിലുള്ള വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ട്രംപ് കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള 'വളരെ അന്യായമായ വ്യാപാര ബന്ധം' മൂലമാണ് പുതിയ താരിഫ് പ്രഖ്യാപിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയെ ബാധിക്കുന്ന സുസ്ഥിരമല്ലാത്ത വ്യാപാര കമ്മികൾക്ക് കാരണമാകുന്ന നിരവധി വർഷത്തെ താരിഫ്, നോൺ-താരിഫ് നയങ്ങളും വ്യാപാര തടസ്സങ്ങളും പരിഹരിക്കുന്നതിന് പുതിയ താരിഫുകൾ ആവശ്യമാണെന്ന് ദയവായി മനസ്സിലാക്കുക എന്ന് ട്രംപ് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ കമ്മി അമേരിക്കയുടെ സമ്പദ്വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക വ്യാപാരത്തിനായി തുറന്നുകിടക്കുന്നുവെന്ന് ഊന്നിപ്പറയുമ്പോൾ തന്നെ അത് ന്യായവും സന്തുലിതവും" ആയിരിക്കണമെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉൽപ്പാദന സൗകര്യങ്ങൾ അമേരിക്കയുടെ മണ്ണിലേക്ക് മാറ്റാൻ തയ്യാറുള്ള അന്താരാഷ്ട്ര കമ്പനികളെ പുതിയ താരിഫുകളിൽ നിന്ന് ഒഴിവാക്കുമെന്നും ട്രംപ് ഉറപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ ബ്രിക്സിൻ്റെ ഭാഗമായ ബ്രസീലിൻ്റെ മേൽ ചുമതത്തിയിരിക്കുന്ന 50 ശതമാനം തീരുവയാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ബ്രിക്സ് അമേരിക്കയെ ദ്രോഹിക്കുന്നതിനായി രൂപീകരിച്ചതാണെന്ന് നേരത്തെ ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ആ രാജ്യങ്ങൾക്ക് ഉടൻ തന്നെ 10% താരിഫ് നിരക്കുകൾ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.അമേരിക്കയെ ലോക വേദിയിൽ ന്യായമായി പരിഗണിക്കുന്നു എന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നേരത്തെ വൈറ്റ്ഹൗസും വ്യക്തമാക്കിയിരുന്നു. മറ്റൊരു രാജ്യത്തിന് മാനദണ്ഡമാകാൻ വേണ്ടി അവർ ഡോളറിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾക്ക് ഒരു മിടുക്കനായ പ്രസിഡന്റുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും മാനദണ്ഡം നഷ്ടപ്പെടില്ല. കഴിഞ്ഞ പ്രസിഡന്റിനെപ്പോലെ ഒരു മണ്ടനായ പ്രസിഡന്റുണ്ടെങ്കിൽ, നിങ്ങൾക്ക് മാനദണ്ഡം നഷ്ടപ്പെടും. നമുക്ക് ലോകനിലവാരമുള്ള ഡോളർ നഷ്ടപ്പെട്ടാൽ, അത് ഒരു ലോകമഹായുദ്ധം തോൽക്കുന്നതിന് തുല്യമായിരിക്കും. അത് സംഭവിക്കാൻ നമുക്ക് അനുവദിക്കാനാവില്ല എന്നും ബ്രിക്സുമായുള്ള വിയോജിപ്പ് ചൂണ്ടിക്കാണിച്ച് ട്രംപ് വ്യക്തമാക്കിയിരുന്നു.
ബ്രിക്സ് രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ നേരത്തെ ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ തള്ളിക്കളഞ്ഞിരുന്നു. ലോകം മാറിയിരിക്കുന്നു. നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട എന്ന രൂക്ഷവിമർശനവും ലുല ഡ സിൽവ ട്രംപിനെതിരെ ഉയർത്തിയിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയെ സംഘടിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ തേടുന്ന രാജ്യങ്ങളുടെ ഒരു കൂട്ടമാണ് ബ്രിക്സ്. അതുകൊണ്ടാണ് ബ്രിക്സ് ആളുകളെ അസ്വസ്ഥരാക്കുന്നത് എന്ന് താൻ കരുതുന്നു എന്നും ലുല ഡ സിൽവ പ്രതികരിച്ചിരുന്നു. ലോകത്തിന് യുഎസ് ഡോളറിന് പുറമെ മറ്റ് വ്യാപാര മാർഗ്ഗങ്ങൾ ആവശ്യമാണെന്ന് ലുല തിങ്കളാഴ്ച പറഞ്ഞിരുന്നു. നമ്മുടെ വ്യാപാര ബന്ധങ്ങൾ ഡോളറിലൂടെ കടന്നുപോകേണ്ടതില്ലാത്ത ഒരു മാർഗം ലോകം കണ്ടെത്തേണ്ടതുണ്ട്. അത് ശ്രദ്ധാപൂർവ്വം ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ ഉത്തരവാദിത്തമുള്ളവരായിരിക്കണം. നമ്മുടെ കേന്ദ്ര ബാങ്കുകൾ മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി ഇത് ചർച്ച ചെയ്യേണ്ടതുണ്ട്. ഏകീകരിക്കുന്നതുവരെ ക്രമേണ സംഭവിക്കുന്ന ഒന്നാണത് എന്നും ബ്രസീലിയൻ പ്രസിഡൻ്റ് പ്രതികരിച്ചിരുന്നു.
ജപ്പാൻ, ദക്ഷിണകൊറിയ, മ്യാൻമർ, ലാവോസ്, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉയർന്ന താരിഫ് നിരക്കുകൾ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുന്ന കത്ത് ട്രംപ് ട്രൂത്ത് സോഷ്യലിൽ തിങ്കളാഴ്ച പങ്കുവെച്ചിരുന്നു. ഈ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവ ഓഗസ്റ്റ് ഒന്നുമുതലായിരിക്കും പ്രാബല്യത്തിൽ വരിക. അമേരിക്കയുമായി പുതിയ വ്യാപാരക്കരാർ ഓഗസ്റ്റ് ഒന്നിന് മുൻപ് ഉണ്ടാക്കിയില്ലെങ്കിൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന് കാണിച്ചായിരുന്നു അമേരിക്ക കത്തയച്ചത്. ലാവോസിനും മ്യാൻമറിനും 40 ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി.
Content Highlights: Trump imposes steep tariffs on eight countries, including 50% on Brazil