വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല് പ്രളയത്തിൽ 43 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ 15 കുട്ടികളും ഉണ്ട്. വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാൻ പോയ 27 പെൺകുട്ടികളെ കണ്ടെത്താനായിട്ടില്ല എന്നും റിപ്പോർട്ടുണ്ട്. മണിക്കൂറുകൾ കഴിയുന്തോറും ആളുകളെ കണ്ടെത്താനുളള സാധ്യത കുറഞ്ഞു വരുന്നതായി ടെക്സസ് ഡിവിഷൻ ഓഫ് എമർജൻസി മാനേജ്മെൻ്റ് മേധാവി നിം കിഡ് മാധ്യമങ്ങളോട് പറഞ്ഞു. കാണാതായവർ സുരക്ഷിതരായിരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.
ഗ്വാഡലൂപ്പെ നദിക്കരയിൽ നടത്തിയ ക്രിസ്ത്യൻ സമ്മർ ക്യാമ്പിൽ പങ്കെടുത്ത 27 പെൺകുട്ടികളെ ഇപ്പോഴും കാണാനില്ലെന്ന് കെർവില്ലെ സിറ്റി മാനേജർ ഡാൽട്ടൺ റൈസ് പറഞ്ഞു. പ്രദേശത്തുണ്ടായിരുന്ന കുറച്ച് പേരെ കൂടി കാണാനില്ലെന്നും ഡാൽട്ടൺ റൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെക്സസിൽ വെള്ളിയാഴ്ച പുലർച്ചെ തുടങ്ങിയ മഴയിൽ 45 മിനിറ്റിനുള്ളിൽ 26 അടി (8 മീറ്റർ) വെളളം ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരവധി വീടുകളും വാഹനങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. 850 ഓളം പേരെ രക്ഷപ്പെടുത്തി. 1,700-ലധികം ആളുകളാണ് രക്ഷാപ്രവർത്തനത്തിനായി സജ്ജരായിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Good morning. Please keep Texas in your prayers—especially the flood victims, the missing, their families, and the first responders searching for them.Tragedy in Texas: Flash floods along the Guadalupe River have taken 13 lives. 23 young Christian girls from Camp Mystic are… pic.twitter.com/nH5QJz9Mc6
മരിച്ച 43 പേരിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 17 പേരുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ക്യാമ്പിൽ പങ്കെടുത്ത ഒരു പെൺകുട്ടി ഉളളതായി കുട്ടിയുടെ ബന്ധു സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ബോട്ട്, ഹെലികോപ്റ്റർ എന്നിവ സജ്ജമാണ്. മരണസംഖ്യ ഉയരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കാണാതായ ആളുകളെ ജീവനോടെ കണ്ടെത്തണമെന്നാണ് പ്രാർത്ഥിക്കുന്നത്. കാണാതായവർ മരത്തിൽ കുടുങ്ങി കിടക്കുകയായിരിക്കാം എന്നാണ് കരുതുന്നതെന്ന് ടെക്സസ് ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് മാധ്യമങ്ങളോട് പറഞ്ഞു. ടെക്സസിൽ ശനിയാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥാ പ്രവചനമുണ്ട്. മധ്യ ടെക്സസിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നാഷണൽ വെതർ സർവീസും അറിയിച്ചു.
Video showing the arrival of the flash flood in Texas which has taken the lives of so many young innocent girls. Where did this wave come from, no mountains in Texas as far as I’m aware 😢 #TexasFlood pic.twitter.com/y21lzmxJyu
ഇന്നലെയാണ് അമേരിക്കയിലെ ടെക്സസിനെ ആശങ്കയിലാഴ്ത്തിയ മിന്നൽ പ്രളയം ആരംഭിച്ചത്. മിന്നല് പ്രളയം ഭയപ്പെടുത്തുന്നതെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ട്രംപ് സഹായം വാഗ്ദാനം ചെയ്തിരുന്നു. ടെക്സസ് ഗവര്ണറുമായി സംസാരിച്ചതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മനോഹരമായ കുന്നുകളും നദികളും തടാകങ്ങളും ചേര്ന്ന് പ്രകൃതിരമണീയമായ സ്ഥലമാണ് ടെക്സസ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമാണ്. ഗ്വാഡലൂപ്പ് നദിയില് വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില് ക്രമാതീതമായ നിലയില് ജലനിരപ്പുയരുന്നത് ആദ്യമായാണ്.
Content Highlights: Texas Continues Grim Flood Recovery With at least 43 Killed, Including 15 Children