വാഷിംഗ്ടൺ: അനധികൃത കുടിയേറ്റമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രശസ്ത മെക്സിക്കൻ ബോക്സറായ ജൂലിയോ സീസർ ഷാവേസ് ജൂനിയറിനെ അറസ്റ്റ് ചെയ്ത് അമേരിക്കൻ ഇമ്മിഗ്രേഷൻ വകുപ്പ്. ലോസ് ഏഞ്ചൽസിലെ വീട്ടിൽനിന്നാണ് ഷാവേസിനെ അറസ്റ്റ് ചെയ്തത്. നിരവധി കുടിയേറ്റക്കാരെ നാടുകടത്തിയത് പോലെ ഷാവേസിനെയും അധികൃതർ ഉടൻ മെക്സിക്കോയിലേക്ക് നാടുകടത്തിയേക്കും.
ഷാവേസ് രാജ്യത്ത് അനധികൃതമായാണ് താമസിക്കുന്നത് എന്നും പെർമനന്റ് റെസിഡൻസിക്കായുള്ള അപേക്ഷയിൽ വ്യാജ വിവരങ്ങൾ നൽകി എന്നുമാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അമേരിക്കൻ ബോക്സറായ ജേക്ക് പോളിനോട് തോറ്റ് ഒരാഴ്ച തികയും മുൻപേയാണ് ഷാവേസിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. നേരത്തെ, മത്സരത്തിന് മുൻപുതന്നെ അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ആ നീക്കം ഉദ്യോഗസ്ഥർ ഉപേക്ഷിക്കുകയായിരുന്നു.
മെക്സിക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട ലഹരി, കുറ്റകൃത്യ ശൃംഖലയായ സിനലാവോ കാർട്ടലുമായി ബന്ധമുള്ളയാളാണ് ജൂലിയോ സീസർ ഷാവേസ് എന്നാണ് കണ്ടെത്തൽ. ഇയാൾക്കെതിരെ മെക്സിക്കോയിൽ ആയുധക്കടത്ത് അടക്കമുളള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.ഷാവേസിന്റെ ഭാര്യ ഫ്രിഡ മുനോസ് ഷാവേസ്, നേരത്തെ ഇതേ കാർട്ടലിന്റെ നേതാവ് ജോക്വിൻ ഗുസ്മാന്റെ മകനായ എഡ്ഗറിന്റെ മുൻ ഭാര്യയായിരുന്നു.
ജോ ബൈഡൻ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് ഷാവേസ് അമേരിക്കയിലേക്ക് എത്തിയത്. ടൂറിസ്റ്റ് വിസയിൽ എത്തിയ ഷാവേസ് അനാധകൃതമായി അമേരിക്കയിൽ തങ്ങുകയായിരുന്നു എന്നാണ് ഇമ്മിഗ്രേഷൻ അധികൃതരുടെ വിശദീകരണം. 2024ൽ ആയുധങ്ങൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളതിനാൽ മെക്സിക്കോയിലേക്ക് നാടുകടത്തപ്പെട്ടാൽ ഉടൻ തന്നെ ഷാവേസ് അറസ്റ്റ് ചെയ്യപ്പെടും.
Content Highlights: famous mexican boxer to be deported to mexico after finding illegal stay in America