Kerala

'മുഖ്യമന്ത്രിക്കായി സുരേഷ് ഗോപിക്കെതിരെ പ്രവർത്തിച്ചാൽ ജനങ്ങൾ നേരിടും'; പൊലീസിനെതിരെ ശോഭ സുരേന്ദ്രൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: സുരേഷ് ​ഗോപി വിഷയത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ. മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപി ബുധനാഴ്ച നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. കോഴിക്കോട്ടെ പൊലീസ് ചെയ്യുന്നതിനെല്ലാം കണക്കുപുസ്തകമുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

'സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പൊലീസ് അധികാരികൾ മുന്നോട്ടു വരുകയാണ്. ഒരേ നീതി പുലർത്താൻ പൊലീസ് തയ്യാറാകണം. ഇല്ലെങ്കിൽ പൊതുജനങ്ങൾ നിയമത്തെ വെല്ലുവിളിക്കും. ഒരു ബുക്കിൽ കോഴിക്കോട്ടെ കണക്കുകളെല്ലാം എഴുതിവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി സുരേഷ് ഗോപിക്ക് എതിരായി പ്രവർത്തിച്ചാൽ നിങ്ങൾക്ക് പ്രമോഷൻ കിട്ടുമായിരിക്കും പക്ഷേ ജനങ്ങൾ നേരിടും', ശോഭ സുരേന്ദ്രൻ പറഞ്ഞു.

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ബിജെപി നേതാവ് സുരേഷ് ​ഗോപി നടക്കാവ് പൊലീസിന് മുൻപാകെ 15ന് ഹാജരാകും. 18നുള്ളിൽ ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനൊപ്പം മോശം ഉദ്ദേശത്തോടെ പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സുരേഷ് ഗോപിക്കെതിരെ 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് അപമര്യാദയായി പെരുമാറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വെക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റി. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളില്‍ കൈ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക വീണ്ടും കൈ തട്ടി മാറ്റി.

എന്നാൽ മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പിന്നീട് രംഗത്തെത്തിയിരുന്നു. ആ കുട്ടിക്ക് റോങ് ടെച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. എന്നാൽ പിന്നീട് മാധ്യമപ്രവർത്തകരെ ഒന്നാകെ പരിഹസിച്ച് സുരേഷ് ഗോപി രംഗത്തെത്തി. പ്രതികരണം തേടാൻ നിന്ന മാധ്യമ പ്രവർത്തകരോട് 'നോ ബോഡി ടച്ചിങ്ങ് പ്ലീസ്' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അകലം പാലിച്ചു നിൽക്കണം എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

ദില്ലി മദ്യനയക്കേസ്: കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ല, ജാമ്യം നൽകുന്നതിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ബിജെപിക്ക് ഭൂരിപക്ഷമില്ല, ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ജെജെപി; ഗവർണർക്ക് കത്ത്

SCROLL FOR NEXT