നിപ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം തിങ്കളാഴ്ച കോഴിക്കോടെത്തും

ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ഭാഗത്ത് ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം വനം വകുപ്പിന്റെ അഭ്യർത്ഥനപ്രകാരം മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ച് സാമ്പിൾ ശേഖരിച്ചിരുന്നു.

icon
dot image

കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം തിങ്കളാഴ്ച ജില്ലയിലെത്തും. കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ അറിയിച്ചു. ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ഭാഗത്ത് ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം വനം വകുപ്പിന്റെ അഭ്യർത്ഥനപ്രകാരം മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ച് സാമ്പിൾ ശേഖരിച്ചിരുന്നു.

ഇന്ന് പുതിയ പോസിറ്റിവ് കേസുകൾ ഇല്ല. രോഗബാധിതരുമായി ബന്ധമുണ്ടായിരുന്ന അഞ്ച് പേരെ ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിശോധന ഫലം നാളെയോടെ ലഭ്യമാകും.

നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. നിയന്ത്രണങ്ങൾ ലംഘിച്ച് സെലക്ഷൻ ട്രയൽ നടത്തിയ കോഴിക്കോട് അത്ലറ്റിക് അസോസിയേഷനെതിരെ കേസെടുത്തിട്ടുണ്ട്. പകർച്ചവ്യാധി നിരോധന നിയമ പ്രകാരം ബാലുശ്ശേരി പൊലീസാണ് കേസെടുത്തത്.

സെപ്തംബർ 23 വരെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാലയളവിൽ ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടുള്ളൂ. മദ്രസകൾ , അങ്കണവാടികൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഉത്തരവ് ബാധകമാണ്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂർ ഹാർബർ അടച്ചതായി കളക്ടർ ഉത്തരവിട്ടു. മത്സ്യബന്ധന ബോട്ടുകളും തോണികളും ഇനി മുതൽ വെള്ളയിൽ, പുതിയാപ്പ ഹാർബറുകളിൽ അടുപ്പിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി.

To advertise here,contact us
To advertise here,contact us
To advertise here,contact us