ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാൾ അറസ്റ്റിൽ

കൊച്ചി ഡെപ്യൂട്ടി മേയറുടെ പി എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ കബളിപ്പിച്ചത്

കൊച്ചി: നഗരസഭയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഫോർട്ട് കൊച്ചി കൽവത്തി അനീഷി(38)നെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് സ്വദേശിയ്ക്ക് കൊച്ചി നഗരസഭയിൽ കണ്ടിജന്റ് സൂപ്പർവൈസറായി ജോലി നൽകാമെന്ന് പറഞ്ഞ് 60,000 രൂപ കൈപ്പറ്റിയെന്നാണ് കേസ്. കൊച്ചി ഡെപ്യൂട്ടി മേയറുടെ പി എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ കബളിപ്പിച്ചത്.

കബളിക്കപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ മേയർക്ക് പരാതി നൽകി. പരാതി പൊലീസിന് കൈമാറിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാലക്കാട് മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ചയാണ് പിടികൂടിയത്.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ എൽ യേശുദാസ്, എസ്ഐമാരായ വന്ദന കൃഷ്ണൻ, സി ആർ രഞ്ജുമോൾ, എഎസ്ഐ ടി എസ് ഗിരീഷ്, സിപിഒമാരായ ആന്റണി ഫ്രെഡി, ഒ ബി സിമിൽ എന്നിവരാണ് ഉണ്ടായിരുന്നത്.

To advertise here,contact us