2036 ഒളിംപിക്‌സ് നടത്താന്‍ ഇന്ത്യ തയ്യാര്‍; അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തയച്ചു

പാരാലിംപിക്‌സും നടത്താന്‍ തയ്യാറാണെന്നും ഇന്ത്യ കത്തിലൂടെ അറിയിച്ചു

2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഒളിംപിക്സിന് വേദിയാകാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കൈമാറി. ഒക്ടോബര്‍ ഒന്നിനാണ് ഇത് സംബന്ധിച്ച് കത്ത് നല്‍കിയതെന്ന് കായിക മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. പാരാലിംപിക്‌സും നടത്താന്‍ തയ്യാറാണെന്നും ഇന്ത്യ കത്തിലൂടെ അറിയിച്ചു.

മഹത്തായ അവസരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക- സാമൂഹിക വളര്‍ച്ചയ്ക്കും യുവാക്കളുടെ ശാക്തീകരണത്തിനും വഴിതുറക്കുമെന്ന് കായികമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. 2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെയും തുറന്നുപറഞ്ഞിരുന്നു. 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം അഭിപ്രായപ്പെട്ടത്.

Also Read:

Other Sports
സംസ്ഥാന കായികമേളയിൽ പറന്നിറങ്ങിയത് ചരിത്രം; 'പതിനഞ്ചാം' ജില്ലയായി പ്രവാസി വിദ്യാർഥി സംഘം

ഒളിംപിക്‌സ് ആതിഥേയത്വത്തിന് വേണ്ടി കേന്ദ്രം സജീവമായി പ്രവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്ന് ഇന്ത്യ സന്നദ്ധത അറിയിച്ചതിന് പിന്നാലെ തീരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ അറിയിക്കാമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒളിംപിക്സ് സന്നദ്ധത അറിയിച്ച് ഇന്ത്യ ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്.

2028ല്‍ അമേരിക്കയും 2032ല്‍ ഓസ്‌ട്രേലിയയുമാണ് ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്. 2036 ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയ്ക്ക് പിന്നാലെ മെക്‌സിക്കോയും തുര്‍ക്കിയും ദക്ഷിണ കൊറിയയും ലക്ഷ്യമിടുന്നുണ്ട്.

Content Highlights: India officially bids to host 2036 Olympics and Paralympics

To advertise here,contact us